ഇടത് മുന്നണി പ്രവേശനം: ജോസ് വിഭാഗത്തിന്റെ നിലപാട് സ്വാഗതാര്‍ഹം: സിപിഐ

single-img
21 October 2020

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശത്തെ സ്വാഗതം ചെയ്ത് സിപിഐ. ഇടത് മുന്നണിയുടെ പൊതുനിലപാടിനൊപ്പം നില്‍ക്കാനാണ് ഇന്ന് ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവിന്റെ തീരുമാനം. മുന്നയില്‍ ചേരാനുള്ള ജോസ് വിഭാഗത്തിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിക്കുകയും ചെയ്തു.

ഇടത് മുന്നണിയിലേക്ക് ആര് വന്നാലും മുന്‍തൂക്കം ഇടതുനിലപാടുകള്‍ക്കാണെന്ന് കാനം പറഞ്ഞു. മുന്നണിയില്‍ ചേരാനുള്ള തീരുമാനത്തോടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തിയെന്ന് സിപിഐ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

എല്‍ഡിഎഫ് ആണ് ശരിയെന്ന ജോസിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ജോസ് കെ മാണി രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം മുന്നണിയിലേക്ക് വരുന്നത് ഗുണമെന്ന് എല്‍ഡിഎഫ് ഘടകകക്ഷികള്‍ കരുതുന്നെങ്കില്‍ അതിനൊപ്പം നില്‍ക്കാനാണ് സിപിഐയുടെയും തീരുമാനം.