വിജയ് സേതുപതി പിന്‍മാറി; മുത്തയ്യ മുരളീധരനെ അവതരിപ്പിക്കില്ല

single-img
19 October 2020

ലോക ക്രിക്കറ്റിലെശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്കായ ‘800’ എന്ന സിനിമയില്‍ നിന്നും നടന്‍ വിജയ് സേതുപതി പിന്‍മാറിയതായി റിപ്പോര്‍ട്ട്. നടന്റെ പ്രതിനിധിയായ യുവരാജാണ് ഇക്കാര്യം ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പറഞ്ഞത്. ഈ സിനിമക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പിന്മാറാനുള്ള തീരുമാനം.

പ്രതിഷേധം രൂക്ഷമാകവേ മുത്തയ്യ മുരളീധരന്‍ തന്നെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ചില ആളുകള്‍ തന്നെ തെറ്റിദ്ധരിച്ചതു മൂലം അദ്ദേഹത്തെ പോലെ ഒരു പ്രശസ്ത് നടന്‍ പ്രശ്‌നങ്ങളില്‍ അകപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ ബയോപിക്കില്‍ നിന്നും പിന്‍മാറാന്‍ താന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു, എന്നായിരുന്നു മുത്തയ്യ മുരളീധരന്‍ പറഞ്ഞത്.

തുടര്‍ച്ചയായി തമിഴ് വംശജര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ശ്രീലങ്കയില്‍ നിന്നുള്ള ഒരു ക്രിക്കറ്റ് താരത്തെ പറ്റിയുള്ള സിനിമ എന്തിനാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് എന്നായിരുന്നു സിനിമയ്‌ക്കെതിരെ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം.