ശമ്പളം ചെലവുകള്‍ക്ക് തികയുന്നില്ല; രാജിയെ കുറിച്ച് ചിന്തിക്കുന്നു: ബ്രിട്ടീഷ് പ്രധാനമന്ത്രി

single-img
19 October 2020

പ്രധാന മന്ത്രി സ്ഥാനത്ത് നിന്നും ലഭിക്കുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഈ തുകയില്‍ നിന്നും തന്റെ ചെലവുകള്‍ക്കായി പണം തികയാതെ വരുന്നതുകൊണ്ട് രാജി വയ്ക്കുന്നതിനേക്കുറിച്ച് ചിന്തിക്കുകയാണെന്നാണ് ബോറിസ് ജോണ്‍സണ്‍ പറയുന്നു.

ഇപ്പോള്‍ ലഭിക്കുന്ന ശമ്പളമായ 150402 പൌണ്ട്(ഏകദേശം ഒരുകോടി മുപ്പത് ലക്ഷം ഇന്ത്യന്‍ രൂപ)യാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചെലവുകള്‍ക്ക് തികയുന്നില്ലെന്ന് പറയുന്നത്. ലണ്ടനില്‍ നിന്നുള്ള മാധ്യമമായ ദി ഡെയ്ലി മിററാണ് ബോറിസ് ജോണ്‍സന്‍റെ രാജിക്കാര്യത്തേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. തന്റെ കുടുംബത്തില്‍ ആറ് മക്കളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുള്ളത്. ഇവരില്‍ ചിലര്‍ക്ക് രക്ഷിതാക്കളില്‍ നിന്ന് പണം ലഭിക്കാന്‍ അര്‍ഹതയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ബ്രിട്ടീഷ് എംപിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.

അതേസമയം വിവാഹമോചന ഉടമ്പടി അനുസരിച്ച് മുന്‍ഭാര്യയായിരുന്ന മരീന വീലറിനും ബ്രിട്ടീഷ് പ്രധാനമന്ത്രി വന്‍തുക നല്‍കേണ്ടി വരുന്നതാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രധാനമന്ത്രിയാവുന്നതിന് മുന്‍പ് 275000 പൌണ്ട് ശമ്പളമായും 160000 പൌണ്ട് പ്രഭാഷണങ്ങള്‍ നടത്തുന്നതിനും ബോറിസ് ജോണ്‍സണ് ലഭിച്ചിരുന്നു എന്നാണ് കണക്കുകള്‍ പറയുനന്നത്.