ബലാൽസംഗം, വഞ്ചന മിഥുൻ ചക്രവർത്തിയുടെ ഭാര്യക്കും മകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

single-img
17 October 2020

ന്യൂഡൽഹി: വിവാഹം വാഗ്​ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ്ക്കും ഭാര്യ യോഗിത ബാലിക്കുമെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാൻ ഉത്തരവിട്ട്​ ഡൽഹി ഹൈകോടതി. മുംബൈയിലെ ഓഷിവാരാ പൊലീസ്​ സ്​റ്റേഷനിൽ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തതായാണ്​ വിവരം.

വിവാഹം ചെയ്യാമെന്ന്​ വാഗ്​ദാനം നൽകി പീഡിപ്പിച്ചെന്ന്​ കാട്ടി നടിയും മഹാക്ഷയുടെ മുൻ കാമുകിയുമായ യുവതി നൽകിയ പരാതിയിലാണ്​ നടപടി. 2015 മുതൽ യുവതിയും മഹാക്ഷയും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹ വാഗ്​ദാനം നൽകി ശാരീരികമായി പീഡിപ്പിച്ചെന്നും കൂടാതെ ഒരിക്കൽ മഹാക്ഷയ് മയക്കുമരുന്ന് നൽകിയിരുന്നുവെന്നും പിന്നീട് ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും, ഗർഭച്ഛിദ്രം നടത്താൻ മഹാക്ഷയ സമ്മർദ്ദം ചെലുത്തിയെന്നും സമ്മതിക്കാതിരുന്നപ്പോൾ അയാൾ കുറച്ച് ഗുളികകൾ നൽകി ഗർഭച്ഛിദ്രം നടത്തിയെന്നും 2018ൽ യുവതി നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ മകനുമായുള്ള ബന്ധം തുടരുകയാണെങ്കിൽ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന്​ യോഗിത ബാലി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്യാൻ തയാറായിരുന്നില്ല. തുടർന്ന്​ 2018ൽ ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ യോഗിതക്കും മകനുമെതിരെ കേസ്​ രജിസ്​റ്റർ ചെയ്യാൻ തെളിവുണ്ടെന്നും ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു. അതിനുശേഷം ഒഷിവാര പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.