സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അധിക്ഷേപവും ഭീഷണിപ്പെടുത്തലും കുറ്റകരം; മുന്നറിയിപ്പുമായി യുഎഇ

single-img
16 October 2020

യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അധിക്ഷേപവും ഭീഷണിപ്പെടുത്തലും കുറ്റകരമാണെന്നും
അവ ശിക്ഷാര്‍ഹമാണെന്നും മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട ഒരു ബോധവല്‍ക്കരണ വീഡിയോ അധികൃതര്‍ വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.

രാജ്യത്തിന്റെ ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 248 പ്രകാരം ബലപ്രയോഗം, ആക്രമണം, ഭീഷണി എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നത്, സര്‍ക്കാര്‍ ജീവനക്കാരെ അവരുടെ ഏതെങ്കിലും ജോലി ചെയ്യാനോ ഒഴിവാക്കാനോ നിയമവിരുദ്ധമായി നിര്‍ബന്ധിക്കുകയോ ചെയ്യുന്നത്, എന്നിവ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ പറയുന്നു.

ജനങ്ങള്‍ക്ക് നിയമത്തിനെ കുറിച്ച് വ്യക്തമായ അറിവില്ലാത്തത് മൂലം ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത് തടയാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനുമാണ് പബ്ലിക് പ്രോസിക്യൂന്‍ ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്.