ശബരിമല: നട തുറക്കാനുള്ള തീരുമാനത്തിൽ ദേവസ്വം ബോര്‍ഡ് മറുപടി പറയും; കെ സുരേന്ദ്രൻ തന്ത്രിയാവാൻ നോക്കേണ്ട: മന്ത്രി കടകംപള്ളി

single-img
12 October 2020

ശബരിമല നട തുറക്കാനുള്ള തീരുമാനത്തിൽ ദേവസ്വം ബോർഡാണ് മറുപടി പറയേണ്ടതെന്നും കെ.സുരേന്ദ്രൻ തന്ത്രിയാവാൻ ശ്രമിക്കേണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതേസമയം തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള നവരാത്രിഘോഷയാത്രയിൽ സർക്കാർ വീണ്ടും മാറ്റം വരുത്തി . നവരാത്രി ദിവസത്തെ ഘോഷയാത്രയുടെ ഭാഗമായി പത്നമാഭപുരത്ത് നിന്നും വാഹനങ്ങളിൽ വിഗ്രഹങ്ങൾ ക്ഷേത്രത്തിലേക്ക് എത്തിക്കാനും തിരിച്ചു കൊണ്ടു പോകാനുമായിരുന്നു ആദ്യം എടുത്ത തീരുമാനം.

എന്നാൽ ഇതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നതിനെ തുടർന്ന് വിഗ്രഹങ്ങൾ പല്ലക്കിലേറ്റി എത്തിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിക്കുകയായിരുന്നു. പുതിയ തീരുമാന പ്രകാരം വിഗ്രഹഘോഷയാത്ര വാഹനത്തിലാക്കിയത് ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണെന്നും എന്നാലും ആചാരലംഘനമുണ്ടായി എന്ന പരാതി വന്നതിനെ തുടർന്ന് അടിയന്തരയോഗം വിളിച്ച് തീരുമാനം പുനപരിശോധിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

നവരാത്രി വിഗ്രഹഘോഷയാത്ര ഈ മാസം 14 ന് തുടങ്ങും.ഇതിന്റെ ഭാഗമായി മൂന്ന് വിഗ്രഹങ്ങൾ കൊണ്ടുവരാൻ ചെറു പല്ലക്കുകൾ കൊണ്ടു വരും. റോഡിൽ തിരക്കൊഴിഞ്ഞ സമയത്തായിരിക്കും ഘോഷയാത്ര നടത്തുകയെന്നും ശാന്തിക്കാരും പല്ലക്കെടുക്കാൻ ചുമതലപ്പെട്ടവരും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും മന്ത്രി നിർദേശിച്ചു.

അതേപോലെ തന്നെ വിഗ്രഹഘോഷയാത്രയ്ക്ക് വഴിയിൽ ഒരുക്കാറുള്ള സ്വീകരണങ്ങളൊക്കെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ കേന്ദ്രസർക്കാർ തന്നെ മതപരമായ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും എന്നിട്ടും ഇവിടെ കുളം കലക്കി മീൻ പിടിക്കാൻ ചിലർ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.