വന്ദേഭാരത് ഏഴാം ഘട്ടം: ജിദ്ദയിൽ നിന്നും എയർ ഇന്ത്യ ഒമ്പത് സർവീസുകൾ പ്രഖ്യാപിച്ചു

single-img
11 October 2020

കോവിഡ് വ്യാപനത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിൽ എത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് മിഷൻ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും എയർ ഇന്ത്യ ഒമ്പത് സർവീസുകൾ പ്രഖ്യാപിച്ചു.

ഇന്ന് 11 മുതൽ 22 വരെയാണ് സർവീസുകൾ.ഇവയിൽ മൂന്നെണ്ണം കോഴിക്കോട്ടേക്കാണ്. ഒക്ടോബർ 12, 16, 19 തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സർവീസുകൾ നടക്കുക. ജിദ്ദയിൽ നിന്നും പുറപ്പെട്ട് മുംബൈ വഴിയാണ് കോഴിക്കോട്ടേക്കുള്ള സർവീസുകൾ ഉണ്ടാവുക. ഇതിനിടയിൽ മുംബൈയിൽ ഒരു മണിക്കൂർ സ്റ്റോപ്പ് മാത്രമാണ് ഉണ്ടാവുക എന്നും യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങേണ്ടതില്ലെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിക്കുന്നു.

വൈകീട്ട് 5.10ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 12.25ന് മുംബൈയിൽ എത്തും. ശേഷം 1.25ന് പുറപ്പെട്ട് 3.20ന് കോഴിക്കോട്ടെത്തും. യാത്രചെയ്യുന്ന മുതിർന്നവർക്ക് 1061 റിയാൽ, 12 വയസ് വരെയുള്ള കുട്ടികൾക്ക് 835 റിയാൽ, രണ്ട് വയസിന് താഴെ 163 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ പ്രാബല്യത്തിൽ ഉള്ളത്.

ഈ മാസം 11, 14, 18, 21 തീയതികളിൽ ഡൽഹി വഴി ലക്‌നോ, 15, 22 തീയതികളിൽ ഹൈദരാബാദ് വഴി മുംബൈ എന്നിവയാണ് മറ്റു സർവീസുകൾ. ഇതിൽ മുതിർന്നവർക്ക് 1360 റിയാൽ, 12 വയസ് വരെയുള്ള കുട്ടികൾക്ക് 1061 റിയാൽ, രണ്ട് വയസിന് താഴെ 193 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ ഉണ്ടെങ്കിൽ എയർ ഇന്ത്യ ഓഫീസിനെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങണം.