ജവാന്മാരുടെ ജീവന് വില കൽപ്പിക്കുന്നില്ല; മോദിയുടെ ചിന്ത സ്വന്തം പ്രതിഛായ മാത്രമെന്ന് രാഹുൽ ഗാന്ധി

single-img
10 October 2020

ജവാന്മാരുടെ ജീവന് വില കൽപ്പിക്കാത്ത നടപടിയാണ് പ്രധാനമന്ത്രി മോദിയുടേത് എന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദേശ രക്ഷയ്ക്കായി രാപകൽ കഷ്ടപ്പെടുന്ന ജവാന്മാർക്ക് ബുള്ളറ്റ് പ്രൂഫ് ട്രക്കുകൾ നൽകാതെ, വിദേശ യാത്രകൾക്കായി കോടിക്കണക്കിനു രൂപ വിലയുള്ള പുതിയ വിമാനം പ്രധാനമന്ത്രി മോദി വാങ്ങിയതിനെതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

8400 കോടി രൂപയുടെ വിമാനം പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിനായി വാങ്ങിയെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. ‘ഇത് നീതിയാണോ? സിയാച്ചിൻ, ലഡാക്ക് എന്നിവിടങ്ങളിൽ കാവൽ നിൽക്കുന്ന സേനാംഗങ്ങൾക്ക് ആ തുക ഉപയോഗിച്ച് ആവശ്യമായ വസ്തുക്കൾ വാങ്ങാമായിരുന്നു. രാഹുൽ അഭിപ്രായപ്പെട്ടു.

‘ചൂട് നിലനിർത്തുന്ന 30 ലക്ഷം വസ്ത്രങ്ങൾ, 60 ലക്ഷം ജാക്കറ്റുകൾ, 67 ലക്ഷം ഷൂസ്, 16.8 ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ എന്നിവ ജവാന്മാർക്കായി വാങ്ങാമായിരുന്നു. എന്നാൽ, മോദിക്ക് സ്വന്തം പ്രതിഛായയെക്കുറിച്ചു മാത്രമാണു ചിന്ത’– രാഹുൽ കുറ്റപ്പെടുത്തി.