പിസി ജോർജ് എംഎൽഎ യുഡിഎഫിലേക്ക്: തദ്ദേശ തെരഞ്ഞെടുപ്പിൽ ധാരണ, നിയസഭാ തെരഞ്ഞെടുപ്പിനു മുൻപ് മുന്നണി പ്രവേശനം

single-img
10 October 2020

പിസി ജോർജ് എംഎൽഎ യുഡിഎഫിലേക്കെന്ന് റിപ്പോർട്ടുകൾ. കേരളകൗമുദിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫുമായി ധാരണയുണ്ടാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് പി.സി ജോർജ് വ്യക്തമാക്കിയതായി കേരളകൗമുദി റിപ്പോർട്ടു ചെയ്തു. 

തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ധാരണയോടെ മത്സരിക്കാനാണ് ആദ്യ നീക്കമെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനവും നടന്നേക്കുമെന്നും സൂചനകളുണ്ട്.  ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനം നടത്തുന്ന പി.സി ജോർജ് യുഡിഎഫിന് എതിരായ വാക്കുകൾ മയപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കോൺഗ്രസിനെതിരെ യാതൊരു വിമർശനവും ഉന്നയിക്കുന്നില്ല എന്നതും ശ്രദ്ധേയമാണെന്നും ഇത് യുഡിഎഫിലേക്ക് തിരിച്ചു പോകുന്നതിൻ്റെ സൂചനയാണെന്നുമാണ് വിലയിരുത്തൽ. 

നേരത്തേ എൻ.ഡി.എ.യിലായിരുന്ന ജനപക്ഷം പിന്നീട് മുന്നണി വിട്ടിരുന്നു.  ഒരു വർഷത്തിലധികമായി സ്വതന്ത്രനിലപാടിലാണ് തുടരുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഇത്. ജോർജിന്റെ വിമർശകരായ ജോസ് വിഭാഗം യു.ഡി.എഫ് മുന്നണിക്ക് പുറത്തായതും ജോർജിന്റെ വരവ് എളുപ്പമാക്കുമെന്നാണ് സൂചനകൾ.