അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം: എല്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രതിഷധം

single-img
9 October 2020

ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തില്‍ ടോറസ് ഇടിച്ചുണ്ടായ അപകടം ആസൂത്രിതമാണെന്ന് ബിജെപി. തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്കുള്ള യാത്രമധ്യേ രണ്ടത്താണിയില്‍ വെച്ചായിരുന്നു അപകടം. ചെറിയ കയറ്റം കയറുന്നതിനിടെ ഒരു ടോറസ് ലോറി വന്ന് കാറിന്റെ പിന്‍ഭാഗത്ത് വന്നിടിക്കുകയായിരുന്നു.

കണ്ണൂരിലേക്ക് വരുമ്പോള്‍ പൊന്നാനിയിൽ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചിരുന്നതായും അതിന് ശേഷമാണ് അപകടം നടന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. 

അപകടത്തെ തുടർന്ന് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ആക്രമണം ആസൂത്രിതമാണെന്നും എല്ലാ കേന്ദ്രങ്ങളിലും ബിജെപി ഇന്ന് പ്രതിഷേധിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് അബ്ദുള്ളക്കുട്ടിയുടെയും ആവശ്യം. 

രണ്ടു തവണ ഇടിച്ചതിനെ തുടര്‍ന്ന് കാറിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. ഉറങ്ങിപ്പോയെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. അതേസമയം ആക്രമണം ആസൂത്രിതമാണെന്നും ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഒരാൾ ബിജെപിയുടെ ഉന്നത പദവിയിൽ എത്തിയതിന്റെ അസഹിഷ്ണുതയാണ് ഇതെന്നും അക്രമികളെ എത്രയും വേഗം പിടികൂടാൻ പൊലീസ് തയാറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.