‘പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും പൊതു സ്ഥലങ്ങൾ അനിശ്ചിതമായി കൈവശം വയ്ക്കാൻ കഴിയില്ല’: സുപ്രീം കോടതി

single-img
7 October 2020

പൊതുസ്ഥലങ്ങളും റോഡുകളും അനിശ്ചിതകാലത്തേക്ക് കയ്യടക്കിവെക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഷാഹിന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൊതു നിരത്ത് കയ്യേറി നടത്തിയ സമരങ്ങള്‍ നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പുറപ്പടുവിച്ച വിധിയിലാണ് സുപ്രീം കോടതി ഇത്തരത്തിൽ നിലപാട് വ്യക്തമാക്കിയത്.

ജനാധിപത്യത്തില്‍ പ്രതിഷേധ സമരങ്ങള്‍ അനിവാര്യമാണ് എന്നാൽ സ്വാതന്ത്ര്യ സമരത്തില്‍ കൊളോണിയല്‍ ഭരണകൂടത്തിന് എതിരെ നടത്തിയത് പോലുള്ള സമരങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങള്‍ കയ്യേറി അനിശ്ചിത കാലത്തേക്ക് സമരം നടത്തുന്നവര്‍ക്കെതിരെ പോലീസും സര്‍ക്കാരും നടപടി സ്വീകരിക്കണം. ഇതിനായി കോടതിയുടെ ഉത്തരവിനായി കാത്തിരിക്കരുതെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് നിര്‍ദേശിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി സമരം നടക്കുന്ന സമയത്ത് ഷാഹീന്‍ ബാഗില്‍ ആയിരക്കണക്കിന് പേര്‍ മാസങ്ങളോളം ഒത്തു ചേര്‍ന്ന് പ്രതിഷേധിച്ചിരുന്നു. വെറും പ്രതിഷേധ സമരം ആയി ആരംഭിച്ച ഷഹീന്‍ ബാഗ് സമരം പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലേക്ക് പിന്നീട് മാറുകയായിരുന്നു.