ചന്ദ്രശേഖർ ആസാദ് ഹാഥ്രസിലേയ്ക്ക്; ഗ്രാമത്തിന് ചുറ്റുമുള്ള വഴികളടച്ച് പൊലീസ്

single-img
4 October 2020

രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഹഥ്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നു. അദ്ദേഹം ഹാഥ്രസിലേയ്ക്കുള്ള യാത്രയിലാണെന്നും 12 മണിയോടെ അദ്ദേഹം അവിടെയെത്തുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. അതിന്റെ ഭാഗമായി ഗ്രാമത്തിന് ചുറ്റുമുള്ള വഴികളടച്ചിരിക്കുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സമരത്തിൽ ചന്ദ്രശേഖർ ആസാദ് പങ്കെടുത്തിരുന്നു. നൂറുകണക്കിനാളുകൾ പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി പങ്കെടുത്ത യോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കുകയും ചെയ്തു.

“ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെയ്ക്കുന്നതുവരെ നാം പ്രക്ഷോഭം തുടരും. നീതി ലഭ്യമാക്കുന്നതിനായി സുപ്രീം കോടതി ഇടപെടണമെന്നാണ് എനിക്ക് പറയാനുള്ളത്.”

ആസാദ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ഹാഥ്രസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രവേശിപ്പിച്ചിരുന്ന ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയുടെ മുന്നിലും ഭീം ആർമി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇന്നലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടങ്ങുന്ന കോൺഗ്രസ് സംഘം പെൺകുട്ടിയുടെ ബന്ധുക്കളുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

അതിനിടെ ഹഥ്രാസിലെ പെൺകുട്ടിയുടെ കൊലപാതകവും പൊലീസിന്റെ വീഴ്ചയുമടക്കമുള്ള സംഭവങ്ങളിലെ അന്വേഷണം സിബിഐയ്ക്ക് വിടാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവാസ്ഥി, ഡിജിപി എച്ച് സി അവാസ്ഥി എന്നിവരടങ്ങുന്ന അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് തീരുമാനം.