ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി യോഗി സർക്കാർ

single-img
3 October 2020

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം. ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം.പിയുടെയും യു.പിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം എത്തുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഈ വാർത്ത പുറത്തു വരുന്നത്. 

അജയ് കുമാര്‍ ലല്ലുവിനെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് വ്യക്തമാക്കി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഒരു സര്‍ക്കാരിന് എങ്ങനെ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നും കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും കോൺഗ്രസ് പാര്‍ട്ടി ട്വീറ്റ് ചെയ്തു. 

സര്‍ക്കാര്‍ എന്താണ് ഒളിക്കാന്‍ ശ്രമിക്കുന്നത്? ആരെയാണ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്. യു.പിയിലെ പെണ്‍കുട്ടികള്‍ സുരക്ഷിതല്ല, സംസ്ഥാനത്ത് നിലവില്‍ നിയമവ്യവസ്ഥയില്ല. -അജയ് കുമാര്‍ ലല്ലു വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയോട് പ്രതികരിച്ചു.