തിളങ്ങാതെ സഞ്ജു; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് എട്ട് വിക്കറ്റ് ജയം

single-img
3 October 2020

മലയാളിയായ ദേവ്ദത്ത് പടിക്കലും ഇന്ത്യന്‍ നായകന്‍കൂടിയായ വിരാട് കോ‌ലിയും അര്‍ദ്ധ സെഞ്ച്വറികളുമായി മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് സ്വന്തമാക്കിയത് എട്ട് വിക്കറ്റ് ജയം.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 155 എന്ന വിജയലക്ഷ്യത്തിലേക്ക് രണ്ടാമത് ഇറങ്ങിയ ബാംഗ്ലൂര്‍ 19.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ക്യാപ്റ്റന്‍ കോലി വീണ്ടും തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് എത്തിയതാണ് ഇന്നത്തെ മത്സരത്തിലെ പ്രത്യേകത.

ഇന്നത്തെ മത്സരത്തില്‍ 53 പന്തില്‍ നിന്ന് രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 72 റണ്‍സാണ് കോലി നേടിയത്.അതേസമയം 45 പന്തില്‍ നിന്ന് ഒരു സിക്‌സറും ആറു ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു പടിക്കലിന്റെ ഇന്നിങ്‌സ്. രാജസ്ഥാനായി ജോഫ്രെ ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 154 റണ്‍സ് നേടിയത്. കളിയുടെ തുടക്കത്തില്‍ തന്നെ 31 റണ്‍സെടുക്കുന്നതിനിടെ സ്മിത്തും ബട്ട്‌ലറും സഞ്ജുവും പുറത്തായിരുന്നു. ഇതില്‍ ഓപ്പണര്‍ ബട്ട്‌ലര്‍ 22 റണ്‍സ് നേടിയപ്പോള്‍ സ്മിത്തിന് അഞ്ച് റണ്‍സെ നേടാനായുള്ളൂ. അതിന് ശേഷം നേരിട്ട ആദ്യ പന്ത് ബൗണ്ടറി പായിച്ച് സഞ്ജു തുടങ്ങിയെങ്കിലും ചഹലിന്റെ മുന്നില്‍ വീഴുകയായിരുന്നു .ഈ സമയം വെറും 4 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.