‘ചിലർ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്’ ; കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുന്നു- പ്രധാനമന്ത്രി

single-img
29 September 2020

കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകരെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ വിവിധ വികസന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യ ഗേറ്റില്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്ടര്‍ കത്തിച്ചിരുന്നു. ഈ സംഭവത്തെയും പരോക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. കര്‍ഷകര്‍ പൂജിക്കുന്ന യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും തീവെച്ചതിലൂടെ അവര്‍(കര്‍ഷക നിയമത്തെ എതിര്‍ക്കുന്നവര്‍) കര്‍ഷകരെ അപമാനിക്കുകയാണ്. താങ്ങുവില നടപ്പാക്കുമെന്ന് അവര്‍ വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ നടപ്പാക്കിയതേയില്ല. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ഈ സര്‍ക്കാരാണ് അത് നടപ്പാക്കിയത്- അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കര്‍ഷകരും തൊഴിലാളികളും ആരോഗ്യമേഖലയുമായും ബന്ധപ്പെട്ട നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ഈ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ തൊഴിലാളികള്‍, യുവാക്കള്‍, വനിതകള്‍, കൃഷിക്കാര്‍ എന്നിവരെ ശക്തിപ്പെടുത്തും. എന്നാല്‍ ചില ആളുകള്‍ ഇവയെ എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കുന്നത് എങ്ങനെയെന്ന് രാജ്യം കാണുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.