മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പെയ്ത് കെ മുരളീധരന്‍; തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിലുണ്ട്; രാജി വിവാദത്തിൽ ഹൈക്കമാൻഡിന് അതൃപ്തി

single-img
29 September 2020

നിയമസഭയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം സംസ്ഥാനനേതൃത്വം അംഗീകരിക്കാത്തതാണ് കെ മുരളീധരന്റെ രാജിക്ക് പിന്നിലെ കാരണമെന്ന വാർത്തകൾ നിഷേധിച്ച് കെ മുരളീധരന്‍ എംപി. താന്‍ കേരളത്തിലേക്ക് ഒരിക്കലും തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിലുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തന്റെ സാന്നിധ്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു

മുരളീധരന്‍ വടകര എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത വന്നു. ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെയാണ് തന്നെ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്കയച്ചത്. കെപി ഉണ്ണികൃഷ്ണന് പോലും നേരിയ ഭൂരിപക്ഷമാണ് വടകരയില്‍ ലഭിച്ചത്. ആ സ്ഥാനത്താണ് 85000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്നെ ജയിപ്പിച്ചത്. ആ ജനങ്ങളെ ഉപേക്ഷിച്ച് പോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കെ മുരളീധരന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

‘വട്ടിയൂര്‍ക്കാവില്‍ ഞങ്ങള്‍ ഒരു കുടുംബം പോലെ ജീവിച്ചതാണ്. അവിടുത്തെ ഒരോ മുക്കും മൂലയും എനിക്കറിയാം. കെ കരുണാകരന് മാള മണ്ഡലം പോലെയാണ് എനിക്ക് വട്ടിയൂര്‍ക്കാവ്. അവിടനിന്നും എനിക്കിഷ്ടമുണ്ടായിട്ടല്ല പാര്‍ലമെന്റിലേക്ക് പോയത്. പാര്‍ട്ടി തീരുമാനിച്ച് അയച്ചതാണ്, കെ മുരളീധരന്‍ വ്യക്തമാക്കി.

ബെന്നി ബെഹന്നാന്റെ രാജിക്ക് തൊട്ടുപിന്നാലെയാണ് മുരളീധരൻ്റെ അപ്രതീക്ഷിത രാജിയും തുറന്ന് പറച്ചിലും എത്തിയത്. വേണ്ടാത്തിടത്ത് വലി‍ഞ്ഞ് കേറി നിൽക്കേണ്ടെന്ന മുരളിയുടെ പരാമർശം സംസ്ഥാന നേതൃത്വത്തിനെതിരായ പരസ്യനിലപാടായിരുന്നു എന്ന് കോൺഗ്രസിനുള്ളിൽത്തന്നെ വിലയിരുത്തലുണ്ട്. പാര്‍ലമെന്റിലേക്ക് പോയത് പാര്‍ട്ടി തീരുമാനിച്ച് അയച്ചതാണ്. അതുപോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോ എന്ന വിഷയവും മുരളി ഹൈക്കമാൻഡിന് വിടുകയാണ് എന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സംസ്ഥാന സർക്കാരിനെതിരെ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയ കോൺഗ്രസിന് അപ്രതീതമായി ലഭിച്ച കനത്ത അടിയായി നേതാക്കളുടെ രാജി. രാജി വിവാദത്തിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ടു നേതാക്കളുടെ രാജിക്ക് പിന്നാലെ യുഡ‍ിഎഫിൽ കടുത്ത അസംതൃപ്‌തിയാണ് പുകയുന്നത്. ആഭ്യന്തര തർക്കം മുന്നണിയെ ബാധിക്കുന്നുവെന്നാണ് മുസ്‌ലിംലീഗ് നിലപാട്.

മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ തിളക്കമുള്ളതാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കോൺഗ്രസിന് ഉളളിലെ പൊട്ടിത്തെറി പടരുന്നത്. തെരഞ്ഞെടുപ്പ് കാലം അടുത്തിരിക്കെ, കോൺഗ്രസിൽ വീണ്ടും തമ്മിൽത്തല്ല് കാലം ആരംഭിക്കുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.