സര്‍ക്കാര്‍ വിമര്‍ശനം; രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയ സംവാദങ്ങളിൽ ഇടപെടാൻ അനുവദിക്കില്ലെന്ന് ആംനെസ്റ്റി ഇന്റർനാഷണലിനോട് കേന്ദ്രം

single-img
29 September 2020

കേന്ദ്രസർക്കാർ തങ്ങളെ നിരന്തരം വേട്ടയാടുന്നുഎന്ന് ആരോപിച്ചുകൊണ്ട്‌ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിനെതിരെ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ രംഗത്തെത്തി.

ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് കാരണമായി പുറത്തുവന്ന ആംനെസ്റ്റി ഇന്റർനാഷണലിന്റെ നിലപാടുകളും പ്രസ്താവനകളും ദൗർഭാഗ്യകരവും അതിശയോക്തി കലർന്നതും യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നു.

‘ ഇന്ത്യയിൽ തങ്ങളുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ തുടരാൻ ആംനെസ്റ്റി ഇന്റർനാഷണലിന് തീര്‍ച്ചയായും സ്വാതന്ത്ര്യമുണ്ട്. പക്ഷെ വിദേശ രാജ്യങ്ങളില്‍ നിന്നും ലഭ്യമാകുന്ന സംഭാവനകളിൽ നിന്നും ലഭിക്കുന്ന ധനസഹായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ സംവാദങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല. ഈ നിയമം രാജ്യത്തെഎല്ലാവർക്കും ബാധകമാണ്. അതുകൊണ്ടുതന്നെ ആംനെസ്റ്റി ഇന്റർനാഷണലിനും ഇത് ബാധകമാണ്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു എങ്കിലും ഇതേവരെ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. പത്ത് വര്‍ഷം മുന്‍പ് 2000ത്തിൽ മാത്രമാണ് ആംനെസ്റ്റി ഇന്റർനാഷണലിന് വിദേശ സംഭാവന നിയന്ത്രണ നിയമം പ്രകാരം അനുമതി ലഭിക്കുന്നത്. എന്നാൽ ഈ അംഗീകാരം തുടർന്ന് നേടാൻ സംഘടനയ്ക്ക് യോഗ്യതയില്ലെന്ന് വ്യക്തമായതോടെ പിന്നീട് വന്ന പല കേന്ദ്ര സർക്കാരുകളും അത് നിഷേധിച്ചു. ‘ ആഭ്യന്തരമന്ത്രാലയം കുറിപ്പില്‍ പറയുന്നു.

അതേസമയം കേന്ദ്രസർക്കാർ ഈ മാസം ആദ്യം സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇതേ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായെന്നുമാണ് ആംനെസ്റ്റി പറയുന്നത്. എന്നാല്‍ സംഘടനയ്ക്ക് അനധികൃതമായി വിദേശഫണ്ടുകൾ ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഈ പശ്ചാത്തലത്തില്‍ തുടർന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുകയാണെന്നുമാണ് ആംനസ്റ്റി പുറത്തുവിട്ട വാർത്താകുറിപ്പിൽ അറിയിച്ചത്.

എന്നാല്‍ തങ്ങള്‍ ഇന്ത്യയിലെ എല്ലാ നിയമങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്നുമാണ് ആംനെസ്റ്റി ഉയര്‍ത്തുന്ന ആരോപണം. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയില്‍ നിന്നും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലും ഡൽഹിയില്‍ നടന്ന കലാപത്തിനിടയിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിലും ആംനെസ്റ്റി ശക്തമായ വിമർശനമുന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലുള്ള ഇതുപോലുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടതിലുളള പക തീർക്കുകയാണ് ഇപ്പോള്‍ എന്നും വിമര്‍ശനം ഉയരുന്നുണ്ട്.