കാഴ്ചയ്ക്ക് ഇപ്പോഴും തകരാറെന്ന് രേഷ്മ രാജൻ; രജിത് കുമാറിനെതിരെ പോലീസ് കേസ്

single-img
24 September 2020

ഏഷ്യാനെറ്റിലെ പോപ്പുലര്‍ ഷോ ആയ ബിഗ് ബോസ് അവസാനിച്ചതിന് ശേഷവും വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥി ആയിരുന്ന രജിത് കുമാറിനെതിരെ നോര്‍ത്ത് പരവൂര്‍ പോലീസ്, കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥി ആയിരുന്ന രേഷ്മ രാജന്റെ പരാതി പ്രകാരമാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പരിപാടിക്കിടെ രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചത് വലിയ വിവാദമായിരുന്നു.

കണ്ണില്‍ മുളക് തേച്ച സംഭവത്തിന് ശേഷവും രജിത് കുമാര്‍ പല വേദികളിലും തന്നെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും രേഷ്മ ആരോപിക്കുന്നു. മാത്രമല്ല തന്റെ കണ്ണില്‍ രജിത് കുമാര്‍ കരുതിക്കൂട്ടി മുളക് തേക്കുകയായിരുന്നുവെന്നും ഇപ്പോഴും കണ്ണിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കാഴ്ച പൂര്‍ണമായും ശരിയായിട്ടില്ലെന്നും രേഷ്മ പറയുന്നു.

ബിഗ് ബോസ് പരിപാടിക്കിടയിലും അതിന് ശേഷവും രജിത് കുമാറില്‍ നിന്നും തനിക്ക് മാനസിക-ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നുവെന്നും അതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് രേഷ്മ രാജന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബിഗ് ബോസിലെ ഒരു ടാസ്‌കിനിടയിലാണ് രജിത് കുമാര്‍ പച്ചമുളക് ഉടച്ച് രേഷ്മയുടെ കണ്ണില്‍ തേച്ചത്.