ജോസിനെ മുന്നണിയിലെടുക്കാം; യുഡിഎഫിനെ തള്ളിപ്പറയണമെന്ന് സിപിഐ

single-img
24 September 2020

ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കേണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയി സിപിഐ. യുഡിഎഫിനെ തള്ളിപ്പറഞ്ഞും ബിജെപി പോലുള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ മാണിയുമായി സഹകരണമാകാമെന്നാണ് സിപിഐ നിലപാട്. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇത് സംബന്ധിച്ച് ചർച്ച ചെയ്തു. പാർട്ടി നിലപാട് എൽഡിഎഫ് നേതൃത്വത്തെ സിപിഐ അറിയിക്കും. അടുത്ത ചൊവ്വാഴ്ചയാണ് ഇടതുമുന്നണി യോഗം.

ജോസ് കെ മാണിയുമായി പ്രാദേശിക തലത്തിൽ സഹകരണം ആകാമെന്ന് സംസ്ഥാന എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു. എന്നാൽ ഈ ഘട്ടത്തിൽ അവരുമായി മുന്നണി എന്ന നിലയിൽ ചർച്ചയോ വേദി പങ്കിടലോ ഉണ്ടാകില്ല. അങ്ങനെ വേണമെങ്കിൽ അതിനുമുമ്പ് യുഡിഎഫ് രാഷ്ട്രീയത്തെ പൂർണമായും ജോസ് കെ മാണി തള്ളി പറയണം.

എന്തുകൊണ്ട് യുഡിഎഫ് വിട്ടു എന്ന കാര്യവും ജോസ് കെ മാണി വ്യക്തമാക്കണം. മാത്രമല്ല ബിജെപി പോലുള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്നും അവർ നിലപാട് പ്രഖ്യാപിക്കണം. എങ്കിൽ മാത്രമേ ജോസ് കെ മാണിയുമായി മുന്നണി ബന്ധം പാടുള്ളൂ എന്നാണ് സിപിഐയുടെ അഭിപ്രായം. ഇക്കാര്യം മുന്നണി യോഗത്തെ അറിയിക്കാനും എം എൻ സ്മാരകത്തിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനമായി.