രാജ്യത്തെ കൊവിഡ് വ്യാപനം ആശങ്കാജനകം; പരിശോധനകൾ വർദ്ധിപ്പിക്കണം, ബോധവത്ക്കരണം കാര്യക്ഷമമാക്കണം: പ്രധാനമന്ത്രി

single-img
23 September 2020

ഇന്ത്യയില്‍ ഇപ്പോഴുള്ള കൊവിഡ് രോഗ വ്യാപനം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലും 60 ജില്ലകളിലും ആശങ്കാജനകമായ സാഹചര്യം നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത് പരിഹരിക്കാന്‍ കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കണമെന്നും ബോധവത്ക്കരണം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വെർച്വൽ കൂടിക്കഴ്ചയിലാണ് പ്രധാനമന്ത്രി ഈ കാര്യങ്ങള്‍ പറഞ്ഞത്. വെെറസ് വ്യാപനത്തെ ഫലപ്രദമായി തടയുന്നതിനായി രാജ്യത്ത് മെെക്രോ സോണുകൾ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

അതേപോലെ തന്നെ കൊവിഡ് പ്രതിരോധത്തിൽ മാസ്കുകളുടെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. പരിശോധനകൾ കൂട്ടുന്നതിനോപ്പം കൃത്യമായ ചികിത്സ രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും എന്നാല്‍ വെെറസ് വ്യാപനം ചിലർ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്,കർണാടക, യുപി,തമിഴ്നാട്,ഡൽഹി,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നത്.ഇന്ത്യയില്‍ ആകെ സ്ഥിരീകരിച്ച 63 ശതമാനം കൊവിഡ് കേസുകളും ഈ സംസ്ഥാനങ്ങളിൽ നിന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.