കാർഷിക ബില്ലിനെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്; സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കുന്നതാണ് ബില്ലെന്ന് വിമർശനം

single-img
23 September 2020

പാർലമെന്റ് പാസാക്കിയ കർഷക ബില്ലുകൾക്ക് എതിരെ സംസ്ഥാനം നിയമ പോരാട്ടത്തിന്. ബില്ലുകൾക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ബില്ലിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. കേന്ദ്ര നിയമം സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നു മന്ത്രിസഭ വിലയിരുത്തി.

സംസ്ഥാന സർക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കുന്നത്. അഡീഷനൽ അഡ്വക്കേറ്റ് ജനറലിൽനിന്ന് സർക്കാർ നിയമോപദേശം തേടിയിരുന്നു. കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്നം ഉയർത്തുന്നു എന്നാണ് ലഭിച്ച നിയമോപദേശം.

കാര്‍ഷിക പരിപരിഷ്കരണത്തിനായുള്ള മൂന്ന് ബില്ലുകള്‍ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ഇരുസഭകളും പാസാക്കിയിരുന്നു. ബില്ല് അവതരണവേളയില്‍ കേരളത്തില്‍ നിന്നുമുള്ള കെകെ രാഗേഷ്, എളമരം കരീം എന്നിവരുള്‍പ്പെടെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സഭയില്‍ പ്രതിഷേധമുയര്‍ത്തിയതിന് ഇവരുള്‍പ്പെടെ 8 എംപിമാരെ ഒരാഴ്ച്ചത്തേക്ക് സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബില്ലുകൾക്കെതിരെ ദേശീയതലത്തിൽ പ്രക്ഷോഭം വ്യാപിക്കുകയാണ്.