പിണറായി ബിൻലാദനാകാൻ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ; ‘എംസി കമറുദ്ദീനെ സർക്കാർ സംരക്ഷിക്കുന്നു’

single-img
22 September 2020

എംസി കമറുദ്ദീനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാകാൻ ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. മതത്തിന്റെ പേരിൽ പിണറായി വിജയൻ തീവ്രവാദം വളർത്തുകയാണ് എന്ന് സുരേന്ദ്രൻ കാസർകോട്ട് ആരോപിച്ചു.

കെ.ടി ജലീലിനെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഖുറാന്റെ മറവിൽ സ്വർണ്ണക്കടത്ത് നടന്നോയെന്ന് അറിയില്ലെന്നാണ് ഇപ്പോൾ ജലീൽ പറയുന്നത്. ഖുറാനെ അപമാനിച്ചെന്ന് പറയുന്ന മുഖ്യമന്ത്രി നിലപാട് മാറ്റാൻ തയ്യാറുണ്ടോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പിണറായിയുടെ നിലപാട് സിപിഎമ്മിലെ ഒരു വിഭാ​ഗത്തിനെ വഞ്ചിക്കുന്നതാണ്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വഞ്ചിക്കപ്പെട്ട അവർ സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.