ഫേസ്ബുക്കിന് കക്ഷിരാഷ്ട്രീയഭേദമില്ല; അവകാശവാദവുമായി ഫേസ്ബുക്ക് ഇന്ത്യ മേധാവി

single-img
20 September 2020

തങ്ങൾക്ക് യാതൊരുവിധ കക്ഷിരാഷ്ട്രീയഭേദമില്ലെന്ന അവകാശ വാദവുമായി ഫേസ്ബുക്ക് ഇന്ത്യമേധാവിഅജിത് മോഹൻ രംഗത്ത് വന്നു. ഫേസ്ബുക്ക് അതിന്റെ പ്ലാറ്റ്ഫോമിലെ വിദ്വേഷപ്രചാരണം തടയുന്നതിൽ ഇന്ത്യയിലെ ഭരണകക്ഷിക്ക് അനുകൂലമായി പക്ഷപാതിത്വം കാണിച്ചുവെന്ന ആരോപണം ശക്തമായി ഉയരുന്നതിനിടയിലാണ് ഈ അവകാശവാദം.

ഈ വിഷയയവുമായി ബന്ധപ്പെട്ട് നേരത്തെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിയും ഡൽഹി നിയമസഭാസമിതിയും ഫേസ്ബുക്കിനെ വിളിപ്പിക്കുകയുമുണ്ടായിരുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഫേസ്ബുക്ക് ഇന്ത്യയുടെ സിഇഒ പ്രതികരിച്ചത് .

സോഷ്യല്‍ മീഡിയയായ ഫേസ്ബുക്ക് എന്ന പ്ലാറ്റ്ഫോം രൂപപ്പെടുത്തിയിരിക്കുന്നത് ആരുടെയും സ്വാധീനങ്ങൾക്ക് വഴങ്ങാത്ത രീതിയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരുതരത്തിലും ഏകപക്ഷീയമായ തീരുമാനം ഫേസ്ബുക്കിൽ ആർക്കും എടുക്കാന്‍ സാധിക്കില്ല. കമ്പനിയുടെ കണ്ടന്റ് മാനേജ്മെന്റ് ടീം കമ്യൂണിറ്റി സ്റ്റാൻഡേഡുകൾക്ക് അനുസൃതമായി മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നും മോഹൻ പറയുന്നു.

ഇത്തരത്തില്‍ കമ്യൂണിറ്റി ചട്ടങ്ങളുടെ നടപ്പാക്കൽ കക്ഷിരാഷ്ട്രീയഭേദമില്ലാതെയും യുക്തിഭദ്രമായും വേണമെന്നതും തങ്ങൾ എല്ലായ്പ്പോഴും കർശനമായി നടപ്പാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അമേരിക്കന്‍ മാധ്യമമായവാൾസ്ട്രീറ്റ് ജേണലിലായിരുന്നു ഫേസ്ബുക്ക് നടത്തുന്ന വലിയ അഴിമതി ചൂണ്ടിക്കാട്ടി ആദ്യമായി റിപ്പോർട്ട് വന്നത്.