‘ഞങ്ങള്‍ തിരിച്ചെത്തി’; അറിയിപ്പുമായി ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേടിഎം തിരികെ എത്തി

single-img
18 September 2020

നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പേമെന്റ് ആപ്പായ പേടിഎം തിരികെ എത്തി. തങ്ങള്‍ വീണ്ടും തിരിച്ചെത്തിയതായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പേടിഎം തന്നെ അറിയിക്കുകയായിരുന്നു. ഓണ്‍ലൈനില്‍ ചൂതാട്ടം നടത്തുന്ന ആപ്പുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കാണിച്ചാണ് നേരത്തെ പേടിഎമ്മിനെ നീക്കം ചെയ്തിരുന്നത്.

ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ പുതിയ മാനദണ്ഡങ്ങള്‍ പേടിഎം തുടര്‍ച്ചയായി ലംഘിച്ചുവെന്നും ടെക് ക്രഞ്ച് പറഞ്ഞിരുന്നു. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രോഡക്ട് വൈസ് പ്രസിഡന്റ് സൂസന്‍ ഫ്രേ തങ്ങളുടെ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി സംബന്ധിച്ച പുതിയ വിശദമായ വിവരങ്ങള്‍ ബ്ലോഗ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് പേടിഎമ്മിനെതിരെ നടപടി എടുത്തത്.

അതേസമയം, ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ അനുഭവം നല്‍കുന്നതിനാണ് ഗൂഗിള്‍ പ്ലേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നും ഡെവലപ്പര്‍മാര്‍ക്ക് പുതിയ ബിസിനസുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ വേദിയൊരുക്കുകയുമാണ് ചെയ്യുന്നത് എന്നും ഗൂഗിള്‍ അതിന്റെ ബ്ലോഗില്‍ പറഞ്ഞിരുന്നു. എന്നാല്‍ തെറ്റിദ്ധാരണ നീക്കുമെന്നും തങ്ങള്‍ തിരിച്ചെത്തുമെന്നുമായിരുന്നു പേടിഎം പ്രതികരണം.