ജനകീയ സമരങ്ങളെ കലാപവുമായി എങ്ങിനെ ബന്ധിപ്പിക്കാന്‍ സാധിക്കും; ഡല്‍ഹി പോലീസിനെതിരെ യെച്ചൂരി

single-img
13 September 2020

ഡല്‍ഹിയില്‍ നടന്ന കലാപക്കേസിന്റെ കുറ്റപത്രത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ നടന്ന ജനങ്ങളുടെ പ്രതിഷേധത്തില്‍ ഡല്‍ഹി പോലീസ് എന്ത് അന്വേഷണമാണ് നടത്തുന്നതെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമൂഹത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവരാണ് ഡല്‍ഹിയില്‍ കലാപമുണ്ടാക്കിയത്. ജനകീയമായ സമരങ്ങളെ കലാപവുമായി എങ്ങനെ ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നും യെച്ചൂരി ചോദിച്ചു. മാത്രളല്ല, ഈ കാര്യത്തില്‍ ഡല്‍ഹി പോലീസ് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം അറിയിച്ചു.

ഡല്‍ഹി പോലീസ് നൽകിയ പ്രതികളുടെ കുറ്റസമ്മതമൊഴിയിലാണ് യെച്ചൂരിയുടെ പേര് ഉള്‍പ്പെട്ടതായി വാര്‍ത്തകള്‍ വന്നത്. സീതാറാം യെച്ചൂരിക്ക് പുറമേ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യുമെന്‍ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരുടെയും പേരുകളുണ്ടെന്നായിരുന്നു ദേശീയ മാധ്യമവാര്‍ത്തകള്‍.

എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് ഡല്‍ഹി പോലീസ് രംഗത്തെത്തിയിരുന്നു. കലാപത്തില്‍ കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്താനാകില്ലെന്നും എന്നാല്‍ ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂവെന്നും ഡല്‍ഹി പോലീസ് വക്താവ് അറിയിക്കുകയായിരുന്നു.