കോളേജ് വിദ്യാര്‍ത്ഥിനിക്കൊപ്പം ഭര്‍ത്താവ് ഒളിച്ചോടി; അപമാനത്താൽ രണ്ടു മക്കളുടെയും സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ച് യുവതി തീകൊളുത്തി

single-img
12 September 2020

കോളേജ് വിദ്യാര്‍ത്ഥിനിക്കൊപ്പം ഭര്‍ത്താവ് ഒളിച്ചോടിയതിന്റെ മനോവിഷമത്തിൽ യുവതി, മക്കളുടെ ദേഹത്തും സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിൽ വല്ലമ്പക്കാട് സ്വദേശി മുത്തുവിന്റെ (45) ഭാര്യ രാധ (34), മക്കള്‍ അഭിഷേക് (13), അഭിരിത്ത് (9) എന്നിവരാണ് വെന്തു മരിച്ചത്. കര്‍ഷകനായ മുത്തു നാട്ടിലുള്ള 22 വയസ്സുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയുമായി അടുപ്പത്തിലായിരുന്നു.

ഇക്കാര്യമറിഞ്ഞ രാധ തന്റെ വീട്ടുകാരെ വിവരമറിയിച്ചിരുന്നു. അവർ ഇടപെട്ട് ബന്ധത്തില്‍ നിന്ന് മുത്തുവിനെ വിലക്കി. എന്നാല്‍ ഇതിനു പിന്നാലെ മുത്തു വിദ്യാര്‍ത്ഥിനിയുമായി ഒളിച്ചോടി. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഈ വിവരങ്ങളെല്ലാമറിഞ്ഞതോടെ അപമാനഭാരം കാരണം രാധ കടുത്ത മനോവിഷമത്തിലായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി മക്കള്‍ക്ക് ഉറക്ക ഗുളിക കലര്‍ത്തിയ ഭക്ഷണം നല്‍കി രാധ അവരെ ഉറക്കിക്കിടത്തി. തുടര്‍ന്ന് നേരത്തേ വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോള്‍ ഇരുവരുടെയും ദേഹത്തൊഴിച്ച് തീ കൊളുത്തി. തുടർന്ന് സ്വന്തം ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

വീട്ടില്‍ നിന്ന് ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ തീയണച്ചെങ്കിലും രാധയും അഭിരിത്തും അതിനകം തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അഭിഷേകിനെ പുതുക്കോട്ട ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.