പറന്നു പറന്നു ദെെവത്തെ കാണാം: കര്‍ണാടകത്തിലെ ചില ക്ഷേത്രങ്ങളില്‍ പ്രസാദമായി നൽകുന്നത് കഞ്ചാവ്

single-img
7 September 2020
ടെെംസ് ഓഫ് ഇന്ത്യ

വടക്കന്‍ കര്‍ണാടകത്തിലെ ചില ക്ഷേത്രങ്ങളില്‍ പ്രസാദമായി നൽകുന്നത്  മാരിജുവാനയും കഞ്ചാവുമൊക്കെയാണെന്ന് വെളിപ്പെടുത്തൽ. ടെെംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശരണ, അരുദ, ഷപ്ത, അവാധുത പാരമ്പര്യങ്ങളില്‍ മാരി ജുവാനയും കഞ്ചാവും വിവിധ രീതിയില്‍ ഭക്തര്‍ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് അഭീഷ്ട സിദ്ധിദായകമായി ഭക്തജനങ്ങൾ കരുതുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടിൽ പറയുന്നത്. 

കർണ്ണാടകത്തിലെ യാദഗിര്‍ ജില്ലയിലെ തിന്തിനിയിലെ മൗനേശ്വര ക്ഷേത്രത്തില്‍ ജനുവരി മാസം നടക്കുന്ന ഉത്സവം കഞ്ചാവ് ഉപയോഗത്തിന് പേരുകേട്ടതാണ്. ഈ ഉത്സവത്തിനായി പല ദേശങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് എത്തുന്നത്. ഇവിടെ  ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി നല്‍കുന്നത് ചെറിയ അളവിലുള്ള കഞ്ചാവ് പൊതികളാണ്. ക്ഷേത്രത്തിലെ മാനപ്പ എന്ന മൗനേശ്വറിനോട് പ്രാര്‍ത്ഥിച്ച് ഇറങ്ങുന്ന ഭക്തര്‍ ഇത് കത്തിച്ചു പുകയ്ക്കാറ് പതിവാണെന്നും ദേശീയ മാധ്യമം പറയുന്നു. കഞ്ചാവ് ഇവിടെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായുള്ള ക്ഷേത്ര കമ്മറ്റിയംഗത്തിൻ്റെ ുറന്നു പറച്ചിലും മാധ്യമം നൽകിയിട്ടുണ്ട്. 

പരമ്പരാഗതമായി മൗനേശ്വര ക്ഷേത്രത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും ഇവിടെ നല്‍കുന്ന വിശുദ്ധ ചെടിയെ അറിവിലേക്കും ദൈവജ്ഞാനത്തിലേക്കുമുള്ള പാതയായി് ഭക്തരും സന്യാസിമാരും കരുതുന്നെന്നുമാണ് കമ്മറ്റിയംഗത്തെ ഉദ്ധരിച്ച് ടെെംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. 

ലഹരി ആസ്വദിക്കാനുള്ള ഉപാധിയായിട്ടല്ല പ്രസാദം നല്‍കുന്നതെങ്കിലും ഉത്സവ സമയത്ത് ആര്‍ക്കും ഇവിടെ വരികയോ കഞ്ചാവ് പുകയ്ക്കുന്നതിനോ തടസ്സമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഈ സമയത്ത് കഞ്ചാവ് പുഴുങ്ങിത്തിന്നുന്നവരും പുകയില പൊടി പോലെ കഴിക്കുന്നവരുമുണ്ടെന്ന് ക്ഷേത്രം ഭാരവാഹി ഗംഗാധര്‍ നായക്ക് പറയുന്നു. 

ധ്യാനത്തിന് വേണ്ടി ആഴ്ചയില്‍ ഒരിക്കലോ ദിനംപ്രതിയോ അനേകര്‍  ഇത്തരം ലഹരികൾ ഉപയോഗിക്കുന്നതായാണ് പറയുന്നത്. അനേകര്‍ കഞ്ചാവിനെ ഔഷധമായും പരിഗണിക്കാറുണ്ട്. റിച്ചൂര്‍ ജില്ലയിലെ സിന്ധനൂര്‍ താലൂക്കിലെ അംഭാ മഠത്തിലും ഈ പാരമ്പര്യം കാണാമെന്ന് റായ്ചൂരിലെയും യാദഗിറിലെയും വിവിധ ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ശരണ പാരമ്പര്യത്തില്‍ നിന്നുള്ള മഹാന്തേഷ് കെ യും പറയുന്നു. അതേസമയം ഇവിടെയെല്ലാം ലഹരിക്ക് അടിപ്പെടുത്തുന്ന വസ്തുവായിട്ടല്ല ഇതിനെ കരുതുന്നത്. നിഷ്‌ക്കളങ്കമായ ഒരു ആനന്ദം ജനിപ്പിക്കാന്‍ സഹായിക്കുന്ന വസ്തുവായിട്ടാണ് താന്‍ കഞ്ചാവിനെ കരുതുന്നതെന്നും മഹാന്തേഷ് വ്യക്തമാക്കുന്നു.

മാത്രമല്ല, ഇവിടെ നടക്കുന്ന വ്യാപകമായ ഉപയോഗം പോലീസും കുറ്റകരമായി കരുതാറില്ല. ക്ഷേത്രങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന അവര്‍ പരാതി ഉണ്ടായാലും ഗൗരവതരമായി എടുക്കാറില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. അതേസമയം മയക്കുമരുന്നിന്റെ കാര്യത്തില്‍ കര്‍ശന നടപടികള്‍ തുടങ്ങിയിരിക്കുന്ന പോലീസ് എവിടെ നിന്നുമാണ് ഇത് കിട്ടുന്നതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മാധ്യമം തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രങ്ങളിലും മഠങ്ങളിലും ഇവയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും എന്നാൽ അങ്ങനെ വിവരം കിട്ടിയാൽ പരിശോധന നടത്താൻ മടിക്കില്ലെന്നും റായ്ചൂര്‍ എസ്പി പ്രകാശ് നിത്യം പവ്യക്തമാക്കി. 

ടെെംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട്:

https://timesofindia.indiatimes.com/city/hubballi/some-temples-in-north-karnataka-give-marijuana-as-prasada/articleshow/77969163.cms