ഹൈക്കമാൻഡിനെതിരെ കത്തെഴുതിയവരെ വെട്ടിനിരത്തി കോൺഗ്രസ്സ്; തിരഞ്ഞെടുപ്പ് സമതികളില്‍ വിമത നേതാക്കളെ ഒഴിവാക്കി

single-img
7 September 2020

സോണിയാ ഗാന്ധിക്കെതിരെ കത്തെഴുതിയ പ്രമുഖ നേതാക്കളെ തിരഞ്ഞെടുപ്പ് സമതികളില്‍ നിന്ന് ഒഴിവാക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം. തീരുമാനം ഉത്തര്‍പ്രദേശിൽ നടപ്പാക്കി. 2022 ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി കോണ്‍ഗ്രസ് രൂപം കൊടുത്ത സമിതികളിൽ നിന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചവരെ ഒഴിവാക്കി.

നേതൃമാറ്റം ആവശ്യപ്പെട്ട് സോണി ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍പ്പെട്ട ജിതിന്‍ പ്രസാദിനേയും രാജ് ബബ്ബാറിനേയും ഈ സമിതികളിലേക്ക് പരിഗണിച്ചില്ല. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായാണ് രാജ് ബബ്ബാർ. ഏഴ് സമിതികളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയ 23 നേതാക്കളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി നേതൃമാറ്റവും പാര്‍ട്ടിയില്‍ അഴിച്ചു പണിയും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്.

അതേസമയം, യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി അടുപ്പമുള്ളവര്‍ സമിതികളില്‍ ഇടംപിടിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സമിതികള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. വിമതസ്വരം പരസ്യമായി ഉയർത്തുന്നവരെ ഒതുക്കണമെന്ന നിർദ്ദേശം അനുസരിച്ചാണ് ഏഴ് സമിതികളിലും പട്ടിക തയ്യാറാക്കിയത് എന്ന വിമർശനം വിമതപക്ഷ നേതാക്കൾ ഉയർത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രമുഖ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ആര്‍പിഎന്‍ സിങിനേയും സമിതികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാടിനെതിരെ ആര്‍പിഎന്‍ സിങ് ഒരു യോഗത്തില്‍ എതിര്‍ത്തിരുന്നു.

മുതിര്‍ന്ന നേതാക്കളേയും യുവാക്കളേയും ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ കമ്മിറ്റികള്‍. തിരഞ്ഞെടുപ്പ് പ്രകടനപത്രിക, മെമ്പര്‍ഷിപ്പ്, മീഡിയ, പരിപാടികള്‍ നടപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലാണ് പ്രകടന പത്രിക സമിതി. മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപദേശക സമിതി റാഷിദ് ആല്‍വിയുടെ നേതൃത്വത്തിലാണ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു എല്ലാ സമിതികളുടേയും മേല്‍നോട്ടം വഹിക്കും.