അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കൊല്ലത്തും ആലപ്പുഴയിലും ഓറഞ്ച് അലേർട്ട്

single-img
6 September 2020

കേരളത്തിലെ തെക്കന്‍ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു.കൊല്ലത്തും ആലപ്പുഴയിലും ഓറഞ്ച് അലേർട്ട്
പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തു നിന്ന് കടലിൽ പോകരുതെന്നും​ നിർദേശമുണ്ട്​​.

3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കണമെന്നും നിർദേശമുണ്ട്​. കേരളത്തില്‍ ഇന്ന് ശക്തമായ മഴ തുടരാനാണ് സാധ്യത. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഇതോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.

സെപ്​റ്റംബർ ആറ്​ മുതൽ പത്ത്​ വരെ തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. സെപ്​റ്റംബർ ആറ്​ മുതൽ മുതൽ എട്ട്​ വരെ തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യ-കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. കൂടാതെ കേരള-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്​.