വെഞ്ഞാറമുട്ടിലെ ഇരട്ടക്കൊലപാതകം എംഎൽഎ ഡികെ മുരളിയും എഎ റഹീമും തമ്മിലുള്ള വിഭാഗീയത മൂലം: ആരോപണവുമായി കോൺഗ്രസ്

single-img
5 September 2020

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതൃത്വം. സ്ഥലം എംഎല്‍എ ഡി കെ മുരളിയും ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിമും തമ്മിലുള്ള ദീര്‍ഘനാളായുള്ള പാര്‍ട്ടിയിലെ വിഭാഗീതയുടെ ഫലമായി ഉടലെടുത്ത തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും എംഎം ഹസ്സന്റെ നേതൃത്വത്തില്‍ ഡിസിസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏതാനും ഐഎന്‍ടിയുസി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടാകാം. അവരെ സംരക്ഷിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 

ഇപ്പോള്‍ കേസില്‍ പ്രതിയായ സജീവനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആദ്യം ആക്രമിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കൾ പറയുന്നു.  കൊല്ലപ്പെട്ട മിഥിലാജ്, ഹക്ക് മുഹമ്മദ്, ഷഹിന്‍ എന്നിവര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നും നേതാക്കൾ പറഞ്ഞു. സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ സഹിതമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. 

സജീവനെയാണ് ആദ്യം വളഞ്ഞിട്ട് ആക്രമിക്കുന്നത്. ഷഹീനും അപ്പൂസുമാണ് വെട്ടിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യത്തില്‍ 12 പേരുണ്ട്. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ അറസ്റ്റിലായി. വെട്ടിയത് അപ്പൂസും ഷഹീനുമാണെന്നും നേതാക്കൾ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഇവര്‍ ഒളിവിലാണ്. ഇവര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിന്റെ കസ്റ്റഡിയിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 

നാലു വാഹനങ്ങളിലായി 12 പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഇവരെക്കുറിച്ച് പൊലീസ് ഇപ്പോള്‍ മിണ്ടുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ആക്രമണം ഉണ്ടായ സമയത്ത് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെക്കുറിച്ച് പൊലീസ് മൗനം പാലിക്കുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 

കൊല്ലപ്പെട്ട മിഥിലാജ് ഡിവൈഎഫ്‌ഐ നേതാവ് സഞ്ജയനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലും മിഥിലാജ് പ്രതിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.