കതിരൂര്‍ സ്ഫോടനം: പുറത്ത് വന്നത് കണ്ണൂർ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള സിപിഎം ശ്രമം: കെ സുരേന്ദ്രന്‍

single-img
4 September 2020

കണ്ണൂർ ജില്ലയിലെ കതിരൂരിൽ ബോംബ് നിര്‍മ്മിക്കുന്നതിനിടെ രണ്ട് സിപിഎം പ്രവർത്തകർക്ക് പരുക്കേറ്റത് കലാപത്തിനുള്ള തയ്യാറെടുപ്പിനിടെ എന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധ തിരിക്കാൻ സിപിഎം സംസ്ഥാന വ്യാപകമായി ആസൂത്രിതമായി അക്രമമുണ്ടാക്കാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ കതിരൂരിൽ വലിയ തോതിൽ ബോംബുകള്‍ നിര്‍മ്മിച്ച്‌ കണ്ണൂർ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്ത് വന്നത്. ഏതാനും ദിവസങ്ങളായി കണ്ണൂരിലെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വീടുകളുടെ ചുമരുകളിൽ പ്രത്യേക അടയാളം കാണപ്പെട്ടത് ഇതിന്റെ ഭാഗമായിട്ടായിരുന്നു എന്ന് സംശയിക്കണം എന്നും സുരേന്ദ്രന്‍ പറഞ്ഞു.

എപ്പോഴെല്ലാം പാർട്ടി പ്രതിസന്ധിയിലാകുന്നുവോ അപ്പോള്‍ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാൻ സിപിഎം ശ്രമിക്കാറുണ്ട്. കതിരൂരില്‍ നടന്ന ബോംബ് നിർമാണത്തെ പറ്റി സമഗ്രമായി അന്വേഷിക്കാൻ പോലീസ് തയാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.