കൊവിഡ് കാലത്തെ ലോകത്തെ മികച്ച 50 ചിന്തകര്‍; പ്രോസ്‌പെക്ടസ് മാഗസിന്റെ പട്ടികയില്‍ കെ കെ ശൈലജ ഒന്നാമത്

single-img
2 September 2020

കൊവിഡ് മഹാമാരിയുടെ കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംനേടി
സംസ്ഥാനത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജ. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ തൊട്ടുപിന്നില്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനും സ്ഥാനം പിടിച്ചിട്ടുണ്ട്.

കേരളത്തില്‍ നിപ-കൊവിഡ് 19 കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതാണ് കെ.കെ ശൈലജയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ‘കെ കെ ശൈലജ ഒരു കമ്യൂണിസ്റ്റാണ്. ദക്ഷിണേന്ത്യയിലെ കേരളം എന്ന സംസ്ഥാനത്ത് അവരെ ടീച്ചര്‍ എന്നാണ് വിളിക്കുന്നത്’- പ്രോസ്‌പെക്ടസ് അവരുടെ ലേഖനത്തില്‍ പറയുന്നു.

അതേപോലെതന്നെ നിപ വൈറസിനെതിരെ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ലേഖനത്തില്‍ പറയുന്നുണ്ട്. ലോകത്തില്‍ ആദ്യമായി ചൈനയില്‍ മാത്രം കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോഴും പടരുന്നത് മുന്‍കൂട്ടി കണ്ട് പ്രതിരോധ നടപടികളെടുക്കാന്‍ അവര്‍ മുന്നിട്ടു നിന്നെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി . രോഗം കേരളത്തില്‍ എത്തിയതു മുതല്‍ അതിനു വേണ്ട എല്ലാ ഫലപ്രദമായ നടപടികളും സ്വീകരിച്ചു.

രോഗ വ്യാപന ഘട്ടത്തില്‍ ക്വാറന്റീനും, സാമൂഹിക അകലവും പാലിക്കാന്‍ ജനങ്ങളോട് പറഞ്ഞു. ഓരോ ദിവസവും രാത്രി പത്ത് മണിവരെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി സമയം ചെലവഴിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ ജൂലൈയിലാണ് പ്രോസ്‌പെക്ടസ് മാഗസീന്‍ നാം കടന്നുപോകുന്ന സമയത്തെ വീണ്ടും രൂപപ്പെടുത്താന്‍ സഹായിച്ച ശാസ്ത്രജ്ഞന്മാരെ, തത്വചിന്തകരെ, എഴുത്തുകാരെ പ്രോസ്‌പെക്ട് അഭിവാദ്യം ചെയ്യുന്നു, ഞങ്ങളുടെ മത്സരത്തിലെ 2020 ലെ വിജയിയെ കണ്ടെത്താന്‍ സഹായിക്കുക എന്ന കുറിപ്പോടെ 50 പേരുടെ പേര് പ്രസിദ്ധീകരിച്ചത്. വായനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരവും മാഗസിന്‍ നല്‍കിയിരുന്നു.