മലയാള സിനിമ നടന്മാരെ ചുറ്റി തിരിയുന്നു; സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമില്ല: മാളവിക മോഹനന്‍

single-img
1 September 2020

മുൻപ് ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമില്ലെന്ന് നടി മാളവിക മോഹനന്‍. പുതിയ കാലത്തെ മലയാള സിനിമ നടന്മാരെ ചുറ്റി തിരിയുകയാണെന്നും ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാ സിനിമകളേക്കാള്‍ കൂടുതലാണിവിടെയെന്നും മാളവിക മലയാളത്തിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

മാളവികയുടെ വാക്കുകള്‍ ഇങ്ങിനെയാണ്‌:

” സ്ത്രീകള്‍ക്ക് അവതരിപ്പിക്കാനുള്ള മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടാവണം. പാര്‍വ്വതി മികച്ച പ്രകടനം കാഴ്ചവെച്ച ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അവസാന രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീ കേന്ദ്രീകൃതകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. മാത്രവുമല്ല മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു.

രാജ്യത്തെ മറ്റ് ഭാഷകളിലെ സിനിമാമേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്. അതിനുള്ള കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം. ഉദാഹരണമായി ഷീല. നമുക്കായി ഒരുപാട് നല്ല കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഷീലയ്ക്ക് പിന്നാലെ ശോഭന, ഉര്‍വ്വശി, കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. എന്നാല്‍ ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല. സ്ത്രീകള്‍ക്ക് വേണ്ടി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. കൂടുതല്‍ സെക്‌സിസ്റ്റും ആയിട്ടുണ്ട് മലയാളസിനിമ’.