കാട്ടാക്കട മാറനല്ലൂരില്‍ അച്ഛൻ ഒന്‍പത് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു

single-img
1 September 2020

തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂരില്‍ പിതാവ് ഒന്‍പത് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. സർക്കാരുദ്യോഗസ്ഥനായ സലീം മകന്‍ ആഷ്‌ലിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ സലീമിന്റെ സഹോദരി ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കാണുന്നത്. ഒന്‍പതുകാരനായ ആഷ്‌ലിന്‍ കിടപ്പ് മുറിയിലെ കട്ടിലിലും സലീമിനെ അടുക്കളയ്ക്ക് സമീപത്തു തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സലീമിന്റെ ഞരമ്പുകളും മുറിച്ച നിലയിലാണ്.

മൂന്ന് വിവാഹങ്ങള്‍ കഴിച്ച സലീമിന്റെ ആദ്യ ബന്ധത്തിലെ മകനാണ് ആഷ്‌ലിന്‍.രണ്ടാം വിവാഹത്തിലെ ഭാര്യയുമായി പിണങ്ങിയ സലീം രണ്ടാഴ്ച മുന്‍പ് മൂന്നാമതും വിവാഹം കഴിച്ചിരുന്നു. മൂന്നാമത് വിവാഹം ചെയ്ത യുവതിയും പിണങ്ങിപോയതായി ബന്ധുക്കള്‍ പറഞ്ഞു.

വ്യവസായ വകുപ്പിന്റെ വികാസ് ഭവന്‍ ഓഫീസില്‍ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരനാണ് സലീം. ആഷ്‌ലിന്‍ കണ്ടല സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. മാറനല്ലൂര്‍ പൊലീസ് കേസെടുത്തു.