അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം; ശക്തമായി ചെറുത്ത്‌ ഇന്ത്യ

single-img
1 September 2020

ഇന്ത്യ- ചൈന അതിർത്തിയിൽ തുടർച്ചയായ രണ്ടാം ദിവസവും ചൈനീസ് സേനയുടെ പ്രകോപനം. ചൈനീസ്‌ സേനയുടെ നീക്കത്തെ ഇന്ത്യ ശക്തമായി തന്നെ ചെറുത്തെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മുന്‍പുണ്ടാക്കിയ ധാരണകൾ ലംഘിച്ച് പെരുമാറുന്ന ചൈനീസ് സേനയെ നിയന്ത്രിച്ചു നിറുത്തണമെന്ന് ഇന്ത്യ ശക്തമായി ചൈനയോട് ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസം പാങ്കോംഗ് തടാകത്തിൻറെ തെക്കുവശത്തെ തീരത്ത് ചൈനീസ്‌ സേന കൈയ്യേറ്റത്തിന് ശ്രമിച്ചിരുന്നു. അവിടെ ഇപ്പോഴുള്ള മാറ്റാനുള്ള ചൈനീസ് നീക്കം ശക്തമായി ഇന്ത്യ ചെറുത്തു തോല്‍പ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും സൈന്യം തമ്മിലുള്ള സംഘർഷം തണുപ്പിക്കാൻ ബ്രിഗേഡ് കമാൻഡർമാർക്കിടയിലെ ചർച്ച നടക്കുമ്പോഴാണ് ഇന്നലെ വീണ്ടും ചൈന പ്രകോപനത്തിന് ശ്രമിച്ചതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തേക്ക് വന്ന് ഇന്ത്യന്‍ സൈന്യത്തെ ഒഴിപ്പിക്കാനുള്ള ചൈനീസ് നീക്കം ഇന്ത്യ തടയുകയായിരുന്നു. നിലവിലെ നിയന്ത്രണരേഖ ലംഘിക്കാനുള്ള നീക്കമാണ് ചൈന നടത്തിയതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പരസ്പരമുള്ള ധാരണകൾ ലംഘിച്ചുള്ള പെരുമാറ്റമാണ് ഈ വർഷം ആദ്യം മുതൽ ചൈന നടത്തുന്നത് എന്ന് ഇന്ത്യ ആരോപിച്ചു.

ഇന്ത്യ ചൈനയെ നയതന്ത്രതലത്തിലും സൈനിക തലത്തിലും പ്രതിഷേധം അറിയിച്ചു എന്നും വിദേശകാര്യമന്ത്രാലയം അറിയിക്കുന്നു. ഇന്ത്യന്‍ കരസേന നടത്തിയ മറുനീക്കം ചൈനയെ ഞെട്ടിച്ചെന്നാണ് സൂചന. യഥാര്‍ത്ഥത്തില്‍ കൈയ്യേറ്റം നടത്തിയത് ഇന്ത്യയെന്നാണ് ചൈന ഇപ്പോൾ ആരോപിക്കുന്നത്. അതിര്‍ത്തിയിലെ നിയന്ത്രണരേഖ ഇന്ത്യ മറികടന്നു എന്ന് ദില്ലിയിലെ ചൈനീസ് എംബസി വക്താവ് പ്രസ്താവനയിൽ ആരോപിക്കുകയും ചെയ്തു.

അതിർത്തിയില്‍ ഇപ്പോഴുള്ള സമാധാന അന്തരീക്ഷത്തെ ഈ നീക്കം ബാധിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തി.