യുഎഇയിൽ വിദ്യാലയങ്ങൾക്ക് പ്രവർത്തനാനുമതി, മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കുട്ടികൾ

single-img
30 August 2020

കോവിഡ് പശ്ചാത്തലത്തിൽ അടഞ്ഞു കിടന്ന യുഎഇയിലെ സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങി. മാസ്ക് ധരിച്ചുകൊണ്ടും സാമൂഹിക അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാലയങ്ങളിലേയ്ക്ക് കുട്ടികൾ എത്തിയത്.ശരീരോഷ്മാവ് പരിശോധിച്ചും സാമൂഹിക അകലം പാലിച്ചുമാണ് വിദ്യാർഥികളെ സ്കൂളുകളിലേയ്ക്ക് വരവേറ്റത്. ദുബായ് അൽ ഖായിൽ ജെംസ് മില്ലെനിയം സ്കൂളിലടക്കം ചില വിദ്യാലയങ്ങളിൽ സംഗീതത്തിൻ്റെ അകമ്പടിയുമുണ്ടായിരുന്നു. ക്ലാസുകളിൽ നിശ്ചിത അകലത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചു.

വിദ്യാഭ്യാസ മന്ത്രാലയം, എജ്യുക്കേഷൻ ആൻഡ് നോളജ് വിഭാഗം, നോളജ് ആന്‍ഡ് ഹ്യൂമൻ ഡവലപ്മെൻ്റ് അതോറിറ്റി (കെഎച്ച് ഡിഎ) എന്നിവ സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ‌ നിർദേശിച്ചിരുന്നു. കൂടാതെ, സ്കൂളിലേക്കു വരാൻ താൽപര്യം പ്രകടിപ്പിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും വിവിധ സ്കൂളുകളിൽ ഇന്നലെ ഒാൺലൈൻ ബോധവത്കരണ ക്ലാസും നടത്തി. ഗ്രേഡ് 6 മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് 4 ആഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് വിദ്യാഭ്യാസ വിജ്ഞാന വകുപ്പി (അഡെക്) ന്റെ നിർദേശം.

ഷാർജയിൽ രണ്ടാഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് സർക്കാരിന്റെ നിർദേശം. അധ്യാപകരെല്ലാം പക്ഷെ കോവിഡ് പരിശോധന പൂർത്തിയാക്കി സ്കൂളുകളിൽ എത്തുന്നുണ്ട്. ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിൽ കെജി1 മുതൽ 12–ാം ക്ലാസ് വരെയുള്ള കുട്ടികൾ നേരിട്ടെത്തി പഠിക്കാനുള്ള അനുവാദവും നൽകി. മാർഗനിർദേശങ്ങൾ കർക്കശമായി പാലിക്കുന്നുണ്ടോ എന്നും എല്ലാവരും സുരക്ഷിതരായി വീടുകളിൽ തിരിച്ചെത്തിയോ എന്നും ഉറപ്പാക്കുന്നുണ്ട്.