തീപിടിത്തത്തിൽ പ്രധാനപ്പെട്ട ഫയലുകൾ കത്തിയില്ല; റിപ്പോർട്ട്

single-img
29 August 2020

സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ ഇരുപതിലധികം വിജ്ഞാപനങ്ങൾ ഭാഗികമായി കത്തിയെന്ന് ദുരന്തനിവാരണ കമ്മിഷണർ ഡോ.എ.കൗശിഗൻ ഐഎഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി കണ്ടെത്തി. എന്നാൽ പ്രധാനപ്പെട്ട ഫയലുകൾ കൂട്ടത്തിലില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഓണം കഴിഞ്ഞു സർക്കാരിനു റിപ്പോർട്ടു സമർപ്പിക്കും. സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. അതേസമയം ഭാഗികമായി കത്തിയ ഫയലുകളും മറ്റു കടലാസ് ഫയലുകളും സ്കാൻ ചെയ്തു നമ്പരിട്ട് സീൽ ചെയ്ത അലമാരകളിൽ സൂക്ഷിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിലവിൽ ഉയരുന്ന ആക്ഷേപങ്ങൾ ഒഴിവാക്കാൻ ഫയലുകൾ പരിശോധിക്കുന്നത് വിഡിയോയിൽ പകർത്തുന്നുണ്ട്. സെക്രട്ടേറിയറ്റിലുണ്ടായ അപകടത്തെക്കുറിച്ച് ഗ്രാഫിക്സ് വിഡിയോ തയാറാക്കാനും സമിതി ആലോചിക്കുന്നുണ്ട്. തീപടർന്നതിന്റെ കാരണം വിശദീകരിക്കാനാണ് വിഡിയോ തയാറാക്കുന്നത്. ഫൊറൻസിക് പരിശോധന കഴിഞ്ഞാല്‍ വിഡിയോ പൂർത്തിയാക്കാനാണ് പദ്ധതി. ‌തീപിടിത്തം നടന്ന പ്രോട്ടോക്കോള്‍ ഓഫിസില്‍ എ.കൗശികന്‍റെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വഷണ സംഘത്തിന്‍റെ ഫയല്‍ പരിശോധന ഇന്നും തുടരുകയാണ്. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ, അഡീ.പ്രോട്ടോകോൾ ഓഫിസർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് അറിയിച്ചതനുസരിച്ചാണ് സ്ഥലത്ത് എത്തിയതെന്നാണ് അഡീ.പ്രോട്ടോകോൾ ഓഫിസർ രാജീവന്റെ മൊഴി.

ഓണാവധി കഴിയുന്നതിനു മുന്‍പ് ഫയല്‍ പരിശോധനയടക്കം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കഴിഞ്ഞദിവസം പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചേര്‍ത്ത് അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.