മാഹി പാലം തകർന്നു വീണപ്പോൾ ,തകരാത്ത പാലാരിവട്ടം പാലവുമായി ഇബ്രാഹിംകുഞ്ഞ്

single-img
27 August 2020

മാഹി പാലം തകർന്നു വീണ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്കിൽ ഒറ്റവരി കുറിപ്പുമായി രംഗത്തെത്തിയിരുകയാണ് പാലാരിവട്ടം പാലത്തിന്റെ സൃഷ്ടാവ് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്. പാലാരിവട്ടം പാലം സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെ ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ട മുന്‍ മന്ത്രിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്ക് വെച്ചിരിക്കുകയാണ്. മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിനോടനുബന്ധിച്ച് നിർമ്മാണത്തിലിരുന്ന പാലം ഇന്നലെയാണ് തകർന്നുവീണത്. ‘പാലാരിവട്ടം പാലം’ എന്ന ഒറ്റവരിയിൽ പാലത്തിന്റെ ഹെലിക്യാം ചിത്രം ചേർത്താണ് പോസ്റ്റ്. അവിടെ പാലം പൊളിഞ്ഞു വീണപ്പോഴും തകരാതെ നിൽക്കുന്നു എന്ന് പറയാതെ പറയുകയാണ് ഇബ്രാഹിംകുഞ്ഞ് എന്നാണ് കമന്റുകളിലെ ഭാഷ്യം.

വി കെ ഇബ്രാഹിം കുഞ്ഞിന്റെ പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹമാണ്. നിങ്ങൾ കാണിച്ച അഴിമതി മാഹിപാലം പൊളിഞ്ഞു വീണാൽ ഇല്ലാതാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ചിലരുടേത് ശരിയാവും (പാലാരിവട്ടം പാലം) ചിലരുടേത് ശരിയാവൂല( മാഹി പാലം) എന്നാലും നമുക്ക് ഒരു കുഴപ്പവുമില്ല എന്ന് പറയുന്നവരും, ഈ സമയത്ത് ഇങ്ങനെയൊരു പോസ്റ്റ് ഇട്ട താങ്കൾക്ക് അസാമാന്യ ധൈര്യം തന്നെ എന്ന് ചൂണ്ടികാട്ടിയവരുമുണ്ട് ഈകൂട്ടത്തിൽ. തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിന്റെ കൂറ്റൻ ഭീമുകളാണ് ഇന്നലെ തകർന്നുവീണത്. പുഴയ്ക്ക് കുറുകെ നിട്ടൂരിൽ നിർമ്മിക്കുന്ന പാലത്തിന്റെ നാല് ബീമുകളാണ് ഇത്തരത്തിൽ നിലം പൊത്തിയത്. അപകടത്തെക്കുറിച്ച് ദേശീയപാത അതോറിറ്റിയോട് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. തലശ്ശേരിയിലേയും മാഹിയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന ബൈപ്പാസിന്റെ അവസാന ഘട്ടത്തിലാണ് അപകടം സംഭവിച്ചത്.

നെട്ടൂരിലെ പാലത്തിന്റെ നിർമ്മാണത്തിനിടെ ഭീമുകളിൽ ഒന്ന് ചെരിഞ്ഞപ്പോൾ പരസ്പരം ഘടിപ്പിക്കാത്തതിനാൽ ബാക്കിയുള്ളവയും പുഴയിലേക്ക് പതിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. എന്നാൽ അപകടത്തിൽ ആർക്കും തന്നെ പരുക്കില്ല. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് വരെ തൊഴിലാളികളും മീൻപിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയതിനാലും മീൻപിടുത്തക്കാർ അവിടെ നിന്ന് പോയതിനാലും വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ദേശീയ പാത അതോറിറ്റിയോട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വിശദീകരണം തേടിയിട്ടുണ്ട്.

കണ്ണൂരിലെ മുഴപ്പിലങ്ങാട് നിന്നാരംഭിക്കുന്ന ബൈപ്പാസ് ധർമ്മടം, എരിഞ്ഞോളി,കോടിയേരി, ചൊക്ലി വഴി കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ അവസാനിക്കും.1182 കോടിയുടെ പദ്ധതിയാണിത്. കണ്ണൂരിൽനിന്നു മറ്റു ജില്ലകളിലേക്കുള്ള യാത്രാ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിർമിക്കുന്നത്. പെരുമ്പാവൂരിലെ ഇ.കെ.കെ കൺസ്‌ട്രേക്ഷൻ കമ്പനിയാണ് നിർമാണം നടത്തുന്നത്‌. 2018 നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബൈപ്പാസ് നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. അടുത്ത വർഷം മെയ് മാസം കമ്മീഷൻ ചെയ്യാമെന്ന പ്രതീക്ഷയിൽ പണി പുരോഗമിക്കുമ്പോഴാണ് അപകടമുണ്ടായത്.

"പാലാരിവട്ടം പാലം "

Posted by VK Ebrahim Kunju on Wednesday, August 26, 2020