പ്രതിപക്ഷം എല്ലാ മത്സരത്തിലും തോറ്റ അപ്പുക്കുട്ടൻ; ഇനി ഈ വർഷം മത്സരങ്ങളൊന്നുമില്ല: പരിഹാസവുമായി മുല്ലക്കര രത്നാകരൻ

single-img
24 August 2020

നിയമസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിന് നേരെ രൂക്ഷമായ പരിഹാസവുമായി മുല്ലക്കര രത്നാകരൻ എം എൽ എ . പ്രതിപക്ഷം എല്ലാ മത്സരങ്ങളിലും തോറ്റ അപ്പുക്കുട്ടനെപ്പോലെയാണെന്ന് മുല്ലക്കര പറഞ്ഞു. യോദ്ധ സിനിമയിലെ ഒരു രംഗത്തിൽ ഇനി ഈ വർഷം മത്സരങ്ങളൊന്നുമില്ല എന്ന് അപ്പുക്കുട്ടനോട്‌ അയാളുടെ ഭാവിവധു പറയുന്ന ഡയലോഗ് മാത്രമേ പ്രതിപക്ഷത്തോട് പറയാനുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സർക്കാരിന്റെ നേട്ടങ്ങൾ കാണാതെ അടിസ്ഥാനമില്ലാത്ത വിമർശനങ്ങൾ ഉന്നയിക്കുകയാണ് സർക്കാരെന്നും മുല്ലക്കര രത്നാകരൻ ആരോപിച്ചു. കാർഷിക മേഖലയിലും വിദ്യാഭ്യാസമേഖലയിലും സർക്കാർ ഉണ്ടാക്കിയ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. അതേസമയം, കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിൽ ഒരുഭാഗത്ത് ചേരികളും മറുഭാഗത്ത് അംബാനിയുടെ ആഡംബരഭവനവുമാണുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതായിരുന്നില്ല നെഹ്രുവിന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1957-ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ച കോൺഗ്രസിന് മഹാഭാരതത്തിൽ അർജ്ജുനൻ നായയ്ക്ക് നൽകിയതുപോലെ ഒരു ശാപം ലഭിച്ചിട്ടുണ്ടെന്നും മുല്ലക്കര പറഞ്ഞു. കേരളത്തിൽ പിന്നീട് വന്ന ഒരു കോൺഗ്രസ് സർക്കാരും നേരേ ഭരിച്ചിട്ടില്ല. കരുണാകരൻ വന്നാൽ ഒരു ആന്റണി വരും. തർക്കങ്ങളില്ലാതെ ഭരിക്കാൻ കഴിഞ്ഞിട്ടില്ല. അത് ഈ ശാപം മൂലമാണെന്നും മുല്ലക്കര ആരോപിച്ചു.