ദേശീയതലത്തിൽ ബിജെപിയെ വളര്‍ത്തിയ കോണ്‍ഗ്രസ് നിലപാടുകള്‍ നിരത്തി മുഖ്യമന്ത്രി; പ്രതിഷേധവുമായി നടുത്തളത്തില്‍ പ്രതിപക്ഷം

single-img
24 August 2020

സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞും നീണ്ടു. കഴിഞ്ഞ നാല് വർഷമായി ഇടത് മുന്നണി നടപ്പാക്കിയ പദ്ധതികളും പരിപാടികളും വിശദീകരിച്ചാണ് മുഖ്യമന്ത്രി സംസാരം ആരംഭിച്ചത് . പക്ഷെ മന്ത്രി കെ ടി ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായതുമില്ല.

വിവാദവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ജലീൽ വിശദീകരിച്ചിട്ടുണ്ടെന്നും ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണെന്ന് അറിയിച്ചതായും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.അതേസമയം മുഖ്യമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തി. എന്നാല്‍, മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും നിയന്ത്രിക്കാറില്ല എന്നായിരുന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ മറുപടി.

ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ ദേശീയതലത്തിൽ ബിജെപിയെ വളർത്താൻ സഹായകമായ നിലപാട് കോൺഗ്രസ് പലതവണ സ്വീകരിച്ചതിന്റെ ഉദാഹരണങ്ങൾ നിരത്തി ശക്തമായ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്.

ബാബറി മസ്ജിദിന്റെ തകർക്കൽ, അയോധ്യ ഭൂമി പ്രശ്നം, രാജ്യത്ത് അധികാരത്തില്‍ വന്ന കോൺഗ്രസ് ഇതര, ബിജെപി ഇതര മതേതര സർക്കാരുകളെ അട്ടിമറിച്ചതിൽ കോൺഗ്രസ് വഹിച്ച പങ്ക് എന്നിവ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പ്രതിപക്ഷം നടത്തുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള പ്രതിഷേധം ഒഴിവാക്കണമെന്ന് സ്പീക്കർ ഇതിനിടെ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.