ഇനി കാത്തിരിപ്പ് 73 ദിവസം: കോവിഡ് വാക്സിൻ രാജ്യത്ത് ലഭ്യമായിത്തുടങ്ങും

single-img
23 August 2020

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ആശ്വാസ വാർത്ത. രാജ്യത്ത് 73 ദിവസങ്ങൾക്കകം കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിനായ ‘കൊവിഷീൽഡ്’ 73 ദിവസത്തിനകം ലഭ്യമായി തുടങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്തു വരുനന്ത്. 

കൊവിഷീൽഡിൻറെ പരീക്ഷണം വിജയിക്കുന്നതോടെ രാജ്യത്ത് വാണിജ്യ ഉൽപ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിൻ ആയി ഇത് മാറുമെന്നാണ് റിപ്പോർട്ട്. നിലവിൽ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോ​ഗമിക്കുകയാണ്. 

രാജ്യത്ത് സൗജന്യമായി വാക്സിൻ ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 58 ദിവസത്തിനുള്ളിൽ പരീക്ഷണം പൂർത്തിയാക്കാനുള്ള അനുമതിയും ഉൽപ്പാദന മുൻഗണന നൽകുന്ന ലൈസൻസും ലഭിച്ചിട്ടുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി.

വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം രണ്ട് ഘട്ടമായാണ് നടക്കുന്നത്. ആദ്യ ഡോസ് നൽകി 29 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. ഓഗസ്റ്റ് 22 ശനിയാഴ്ച മൂന്നാംഘട്ട പരീക്ഷണത്തിലെ ആദ്യ വാക്സിൻ ഡോസ് നൽകിയെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ ഡോസ് 29 ദിവസം കഴിഞ്ഞ് നൽകും. 

അതേസമയം രണ്ടാമത്തെ ഡോസ് നൽകിയതിന്റെ റിപ്പോർട്ട് ലഭിക്കാൻ 58 ദിവസം സമയമെടുക്കും. ഫൈനൽ റിപ്പോർട്ട് തയാറാകാൻ വീണ്ടും 15 ദിവസത്തെ സമയമെടുക്കും. ഈ ഘട്ടമെല്ലാം പൂർത്തിയാകുന്നതോടെ വാണിജ്യോൽപാദനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

രാജ്യത്തെ 20 കേന്ദ്രങ്ങളിലാണ് കൊവിഷീൽഡിൻ്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. 1600 പേർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുക. ഇന്ത്യക്കാർക്ക് സൗജന്യമായി വാക്സിൻ വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 2021 ജൂണോടെ 68 കോടി ഡോസ് വാക്സിൻ ഇന്ത്യക്ക് വേണ്ടി നിർമിക്കാനാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നതെന്നാണ് സെറം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.