പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗ ശേഷം കൊലചെയ്തു; ശരീരം സെപ്റ്റിക് ടാങ്കില്‍ തള്ളി; മൂന്ന് പേര്‍ പിടിയില്‍

single-img
22 August 2020

പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലചെയ്തു . ഇതിന് ശേഷം പെണ്‍കുട്ടിയുടെ ശരീരം സെപ്റ്റിക് ടാങ്കില്‍ തള്ളി. ഈ മാസം 10ന് കാണാതായ വിദ്യാര്‍ത്ഥിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സംസ്ഥാനത്തെ രാജ്ഗഞ്ച് സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് പെണ്‍കുട്ടിയുടെ ശരീരം ബലാത്സംഗം ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഇതുവരെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ ഓഗസ്റ്റ് 15നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രഥാന്‍ പര എന്ന പ്രദേശത്തെ ഒരു വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തുന്നത്.

സംഭവം നടന്ന പ്രദേശത്തെ തൃണമുല്‍ കോണ്‍ഗ്രസ് എംഎല്‍എയായ ഖഗേശ്വര്‍ റോയി പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കുറ്റം ചെയ്ത പ്രതികള്‍ക്ക് വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെടുകയുണ്ടായി.