മാതൃകാപരമായ ചുവടുവെയ്പുമായി കോവിഡിനെ തോൽപിച്ച സ്ത്രീ ഭരണകർത്താക്കൾ

single-img
21 August 2020

സ്ത്രീകള്‍ ഭരണ സാരഥ്യം വഹിക്കുന്ന രാജ്യങ്ങള്‍ കോവിഡ് ഭീഷണിയെ നന്നായി നേരിട്ടുവെന്ന് പഠനം. സെന്റര്‍ ഫോര്‍ എക്കണോമിക് പോളിസി റിസര്‍ച്ചും വേള്‍ഡ് എക്കണോമിക് ഫോറവും പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 194 രാജ്യങ്ങളിലെ സ്ഥിതിഗതികളാണ് പഠനം വിലയിരുത്തിയത്. ഇതില്‍ 19 രാജ്യങ്ങളില്‍ മാത്രമാണ് വനിതാ നേതാക്കള്‍ അധികാരത്തിലുള്ളത്. ജനസംഖ്യ, സാമൂഹ്യ – സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് വിവിധ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളെ താരതമ്യപ്പെടുത്തിയത്. പുരുഷന്മാര്‍ ഭരിക്കുന്ന രാജ്യങ്ങളെക്കാള്‍ ഇരട്ടിയോളം ജീവനുകള്‍ രക്ഷിക്കാന്‍ സ്ത്രീകള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ക്ക് കഴിഞ്ഞുവെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്.

കോവിഡിനെ ചെറുത്ത് തോൽപിക്കാൻ വനിതാ നേതാക്കള്‍ നടത്തിയ അടിയന്തര ഇടപെടലുകളും അവര്‍ കൈക്കൊണ്ട സമീപനങ്ങളുമാണ് മരണസംഖ്യ കുറച്ചതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ജീവന്‍കൊണ്ട് ഭാഗ്യപരീക്ഷണം നടത്താന്‍ വനിതാ ഭരണാധികാരികള്‍ തയ്യാറായില്ല എന്നതാണ് സത്യം . പുരുഷന്മാര്‍ ഭരിക്കുന്ന രാജ്യങ്ങളെക്കാളും വേഗത്തില്‍ അവര്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പുരുഷന്മാരായ ഭരണാധികാരികളാവട്ടെ സമ്പദ് വ്യവസ്ഥയെ അടക്കം പരിഗണിച്ചാണ് തീരുമാനങ്ങളെടുത്തത്. മരണം ഒഴിവാക്കാന്‍ സ്ത്രീ ഭരണാധികാരികള്‍ അതിവേഗത്തിലും ഉറച്ച മനസോടെയുമാണ് തീരുമാനങ്ങള്‍ എടുത്തത് എന്നകാര്യം വ്യക്തമാണെന്ന് പഠനം നടത്തിയവരില്‍ ഒരാളായ സുപ്രിയ ഗരികിപാഠി ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്ത് ധീരമായ നിലപാടുകൾ കൈകൊണ്ട് ജനശ്രദ്ധ കൈപ്പറ്റിയ വ്യക്തിയാണ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി. ജസിന്‍ഡ ആര്‍ഡേണ്‍ കോവിഡ് മഹാമാരിയെ തുടച്ചുനീക്കിയതായി ജൂണ്‍ ഒമ്പതിന് പ്രഖ്യാപനവും നടത്തി. ലോകം അവരെ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ 100 ദിവസത്തിനുശേഷം രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഈ ഘട്ടത്തിലും സമയം പാഴാക്കാതെ ഓക്‌ലന്‍ഡില്‍ ലോക്ഡൗണ്‍ പുനസ്ഥാപിക്കുകയും പൊതുതിരഞ്ഞെടുപ്പ് നീട്ടിവെക്കുകയുമാണ് അവര്‍ ചെയ്തത്. മാര്‍ച്ച് 15 ന് ന്യൂസീലന്‍ഡില്‍ 100 കോവിഡ് രോഗികള്‍ മാത്രമുണ്ടായിരുന്ന സമയത്തുതന്നെ ജസിന്‍ഡ അതിര്‍ത്തികള്‍ അടയ്ക്കുകയും വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസം ക്വാറന്റീന്‍ ചെയ്യുകയും ഉണ്ടായി. ഒരാഴ്ചയ്ക്കുശേഷം രാജ്യത്ത് കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും ആശുപത്രികളും ഫാര്‍മസികളും മാത്രമാണ് തുറക്കാന്‍ അനുവദിച്ചത്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ ടെക്സ്റ്റ് മെസേജുകളായി ജനങ്ങള്‍ക്ക് കൈമാറി. പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

മറ്റൊരു പ്രധാനപ്പെട്ട നേട്ടം കൈവരിച്ചത് ഷെയ്ഖ് ഹസീനയെന്ന ഭരണാധികാരിയാണ് . ജനസാന്ദ്രത ഏറിയ രാജ്യമാണെങ്കിലും കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്തുന്നതില്‍ ഷെയ്ഖ് ഹസീന ഭരിക്കുന്ന ബംഗ്ലാദേശിന് സാധിച്ചു എന്നുതന്നെ പറയാം . 1.3 ശതമാനമാണ് അവിടുത്തെ മരണ നിരക്ക്. ജനങ്ങള്‍ പരിഭ്രാന്തരാകുന്ന സാഹചര്യം ഒഴിവാക്കാന്‍ എല്ലാ ദിവസവും അവര്‍ കോവിഡ് പോരാളികളെ അഭിസംബോധന ചെയ്തു. ലോക്ഡൗണ്‍ എന്ന വാക്ക് അവര്‍ ഉപയോഗിച്ചില്ല. ജനുവരി അവസാനത്തോടെ ചൈനയില്‍നിന്ന് ബംഗ്ലാദേശ് പൗരന്മാരെ ഒഴിപ്പിച്ച് ക്വാറന്റീനിലാക്കി. ഘട്ടം ഘട്ടമായാണ് കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആദ്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. പിന്നീട് അവശ്യ സര്‍വീസുകള്‍ അല്ലാത്തവയെല്ലാം അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വ്യാപകമാക്കി.

മെറ്റ ഫ്രെഡറിക്‌സണ്‍ ഭരിക്കുന്ന ഡെന്‍മാര്‍ക്കില്‍ മാര്‍ച്ച് 12 നുതന്നെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. 12 ദിവസത്തിനുശേഷമാണ് യു.കെയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. പത്ത് പേരിലധികം കൂട്ടംകൂടുന്നത് ഡെന്‍മാര്‍ക്കില്‍ നിരോധിച്ചു. വീട്ടിലിരുന്ന് ജോലിചെയ്യാന്‍ എല്ലാവരോടും നിര്‍ദ്ദേശിച്ചു. സ്‌കൂളുകളും ഭക്ഷണശാലകളും രാജ്യത്തിന്റെ അതിര്‍ത്തികളും അടച്ചു. ആഘോഷങ്ങള്‍ അടക്കമുള്ളവ വിലക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തില്‍ ഡെന്‍മാര്‍ക്ക് മാറ്റംവരുത്തി. ആരോഗ്യമന്ത്രിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന തരത്തിലായിരുന്നു നിയമ ഭേദഗതി. പോലീസ് സഹായത്തോടെ ഏത് വീട്ടിലും കടന്നുചെല്ലാനും പരിശോധന നടത്താനും ആരെയും ഐസൊലേറ്റ് ചെയ്യാനും ചികിത്സയ്ക്ക് അയയ്ക്കാനും മന്ത്രിക്ക് അധികാരം നല്‍കുന്ന തരത്തിലായിരുന്നു പകര്‍ച്ചവ്യാധി നിയമത്തിലെ മാറ്റം.

ത്സായി ഇങ് വെന്‍ ഭരിക്കുന്ന തായ്‌വാനും കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്താനായി. വുഹാനില്‍നിന്ന് വിമാനമാര്‍ഗം എത്തുന്നവരെ ഡിസംബര്‍ അവസാനത്തോടെതന്നെ ക്വാറന്റീന്‍ ചെയ്തു തുടങ്ങി. ജനുവരിയില്‍തന്നെ സെന്‍ട്രല്‍ എപ്പിഡമിക് കമാന്‍ഡ് സെന്റര്‍ സ്ഥാപിച്ചു. മാസ്‌ക് ലഭ്യത ഉറപ്പാക്കാന്‍ മാപ്പിന്റെ സഹായത്തോടെയുള്ള സംവിധാനം അടക്കമുള്ളവ ഏര്‍പ്പെടുത്തി.