സുപ്രീം കോടതി ഭരണഘടനാ മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നു; ആഗസ്റ്റ് 21ന് കരിദിനം ആചരിക്കാന്‍ അഭിഭാഷകരുടെ സംഘടന

single-img
19 August 2020

രാജ്യത്ത് സുപ്രീം കോടതി കേന്ദ്രം ഭരണഘടനാ മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നുവെന്ന് കാണിച്ചുകൊണ്ട് ആഗസ്റ്റ് 21ന് അഭിഭാഷകരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് കരിദിനം ആചരിക്കാൻ തീരുമാനിച്ചു.

അടുത്തിടെയുണ്ടായ ധാരാളം വിധിന്യായങ്ങളും ചില കേസുകളില്‍ കാണിച്ചിട്ടുള്ള താല്‍പര്യക്കുറവുമൊക്കെ രാജ്യത്തെ ജനങ്ങളില്‍ വലിയ സംശയമാണുണ്ടാക്കുന്നത്. ജസ്റ്റിസ് ലോയയുടെ കൊലപാതകം, ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്നു വന്ന ലൈംഗികാരോപണം, റഫാല്‍ ഇടപാട്, അയോധ്യാ കേസ് തുടങ്ങിയ കേസുകളിലെ നടപടികളും തീരുമാനങ്ങളും നിയമവ്യവസ്ഥയുടെ നിക്ഷ്പക്ഷത, ധാര്‍മ്മികത, സ്വാതന്ത്ര്യം, എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരുന്നില്ല എന്നത് ആ വിധി ന്യായങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിക്കുന്നു.

അതേപോലെ തന്നെ പൗരത്വ ബില്ലിനെ ചോദ്യം ചെയ്ത് ബോധിപ്പിച്ച ഹര്‍ജ്ജികളിലും കാശ്മീര്‍ കേസിലും ഉന്നത നീതിപീഠം കൈ കൊണ്ട തീരുമാനങ്ങള്‍ കോടതി സര്‍ക്കാരിന്‍റെ അഭീഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുകയാണോ എന്ന പ്രതീതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഭരണഘടനാ തത്ത്വങ്ങളെയും മൂല്യങ്ങളെയും നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ താല്‍പര്യങ്ങളോടും ലക്ഷ്യത്തോടും ഉന്നത നീതിപീഠവും ചേര്‍ന്നു പോകുന്ന അപകടകരമായ സ്ഥിതി വിശേഷം നിലനില്‍ക്കെയാണ് പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും എതിരഭിപ്രായങ്ങളെയും നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് പ്രവണതയിലേക്ക് അധഃപതിച്ച വിധം അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണെതിരെ തിടുക്കപ്പെട്ടും നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തിയും കോടതി അലക്ഷ്യ നടപടി നടത്തി അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്‌.

പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനകള്‍ കോടതി അലക്ഷ്യത്തിന്‍റെ നിര്‍വ്വചനത്തില്‍ വരുന്നതല്ലായെന്ന് നിയമം അറിയാവുന്ന എല്ലാവര്‍ക്കുമറിയാം. പ്രശാന്ത് ഭൂഷണെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിന്യായം നാളിത് വരെ പരമോന്നത നീതി പീഠം ഉയര്‍ത്തിപ്പിടിച്ച ന്യായ ബോധത്തെയും ധാര്‍മ്മികതയെയും നീതിശാസ്ത്രങ്ങളെയും നിരാകരിക്കുന്നതാണ്.ആ വിധിയില്‍ സുപ്രീം കോടതിയുടെ തന്നെ പല വിധികളുടെയും അന്തസ്സത്ത ചോര്‍ത്തിക്കളയും വിധം ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നതായും കാണാം എന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

വരാനിരിക്കുന്ന ദിവസങ്ങൾ സുരക്ഷിതമല്ല എന്നും ജനങ്ങള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഭരണകൂട നീക്കത്തില്‍ നിന്നും രക്ഷ തേടി ചെല്ലുവാൻ ഒരു കേന്ദ്രം ഇല്ലാതാകുന്നു എന്നും തിരിച്ചറിഞ്ഞിരിക്കുന്നു. അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള അവകാശത്തിനുമേലുള്ള കടന്നു കയറ്റത്തെ ചെറുക്കാതെ ഇനിയും കാത്തിരിക്കാന്‍ കഴിയില്ല. അതുപോലെ സ്വതന്ത്ര നിയമ സംവിധാനം ജനങ്ങളുടെ അവകാശമാണ് അത് ചീഫ് ജസ്റ്റിസിന്‍റെയോ മറ്റേതെങ്കിലും ന്യായാധിപരുടെയോ ഔദാര്യമല്ല. നിയമ വ്യവസ്ഥയുടെ നിക്ഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും നില നിര്‍ത്താന്‍ ഇടപെടേണ്ടത് അഭിഭാഷകരുടെ കടമയാണ് എന്നും സംഘടനാ പറയുന്നു.