ഞാന്‍ സാധാരണ മനുഷ്യന്‍ തന്നെ, ഒരു അവതാരവും ഓഫീസില്‍ ഇടപെട്ടിട്ടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
17 August 2020

ഒരവതാരവും തന്‍റെ ഓഫീസില്‍ ഇടപെട്ടിട്ടില്ലെന്നും .അത്തരം ഒരു സാഹചര്യവും ഇന്നത്തെ നിലയ്ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അത് നടക്കാന്‍ പാടില്ലായിരുന്നു. സാധാരണ വഴിയിലൂടെയല്ല അല്ല അത് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണം പിടികൂടിയ വാര്‍ത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചുവെന്നാണ് പറഞ്ഞത്.പക്ഷെ ഞങ്ങളെ വിളിച്ചിട്ടില്ലെന്ന് അന്വേഷണ ഏജന്‍സി പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

ഇതിലൂടെ സംഭവം രാഷ്ട്രീയവത്കരിക്കുകയായിരുന്നു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ ടിവി സംപ്രേക്ഷണം ചെയ്യുന്ന ആദ്യ പരിപാടിയായ ‘സെന്‍റര്‍ഹാളില്‍’ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു സാധാരണ മനുഷ്യന്‍ തന്നെയാണ് താനെന്നും പക്ഷെ കര്‍ശനമായി പറയേണ്ട കാര്യങ്ങള്‍ കര്‍ശനമായി തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രീതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വന്നപ്പോള്‍ തന്നെ അവര്‍ കാര്‍ക്കശ്യക്കാരനായി ചിത്രീകരിച്ചുവെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്തെ അധികാര ദല്ലാളന്മാരെ നിയന്ത്രിക്കുന്നതിൽ ജാഗ്രത കുറവുണ്ടായോ എന്ന എംഎല്‍എ വിഡി സതീശന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി – തന്റെ അനുഭവത്തില്‍ ഇത്തരം അവതാരങ്ങള്‍ തന്‍റെ ഓഫീസില്‍ ഇടപെട്ടിട്ടില്ല എന്നും അത്തരം ഒരു സാഹചര്യവും ഇന്നത്തെ നിലയ്ക്കില്ല എന്നുമായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ കാര്യത്തില്‍ തെറ്റായ രീതി ഉണ്ടായിട്ടില്ല. സംസ്ഥാന ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അന്വേഷിച്ചപ്പോള്‍ വിവാദ വനിതയുടെ നിയമനത്തില്‍ പ്രശ്നമുണ്ടെന്ന് മനസിലാക്കി. അതിനാലാണ് ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.