നിങ്ങൾക്കെന്നെ വെറുക്കാം, എന്റെ കുടുംബത്തെ അധിക്ഷേപിക്കാനുള്ള ഒരു അവകാശവുമില്ല: ആര്യ

single-img
13 August 2020

സമീപ കാലത്ത് ഉണ്ടായ തന്റെ ഓൺലൈൻ ദുരനുഭവങ്ങളെ പ്പറ്റി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ് തുറന്ന മുൻ ബിഗ് ബോസ് മത്സരാർത്ഥിയും ടിവി അവതാരകയുമായ ആര്യയുടെ വാക്കുകളിലേക്ക്.

താന്‍ ആദ്യമായി സൈബർ ഇടങ്ങളിൽ ആക്രമിക്കപ്പെടുന്നത് തന്റെ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പുറത്തു വരുമ്പോഴാണ് എന്ന് ആര്യ പറയുന്നു. തികച്ചും വ്യക്തിപരമായി ഒരു തമിഴ് സിനിമയുടെ പരസ്യത്തിനായി ചെയ്ത ഫോട്ടോകൾ ടീം തന്റെ സമ്മതമില്ലാതെ റിലീസ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് കേരളത്തിൽ കോളിളക്കം സൃഷ്ടിക്കാൻ കഴിയുന്നത്ര ബോൾഡ് ആയ കുറച്ചു ചിത്രങ്ങൾ ആയിരുന്നു എന്ന് തനിക്കറിയാമായിരുന്നു എന്നും ആര്യ പറയുന്നു.

” എന്നാല്‍ അതിത്ര ക്രൂരമായിരിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ആ സമയം ഞാൻ ബഡായി ബംഗ്ലാവ് ചെയ്യുകയായിരുന്നു. അതില്‍ പിഷാരടിയുടെ പൊട്ടിയായ ഭാര്യയായി അഭിനയിച്ചു കൊണ്ടിരുന്ന എന്നെ, ആ രൂപത്തിൽ ഇവിടുത്തെ ആരാധകർക്ക് അംഗീകരിക്കാൻ പക്ഷെ കഴിഞ്ഞില്ല. അതിന്റെ പിന്നിലെ ലോജിക് എനിക്കിതു വരെ മനസിലായിട്ടുമില്ല.

ഇവിടെ നമുക്ക് ആരാധകർ നമുക്കൊരു രൂപം കൽപ്പിച്ചു തന്നിട്ടുണ്ട് നേരത്തെ തന്നെ , അതിന്‍റെ വിപരീതമായി നമ്മൾ എന്തെങ്കിലും ചെയ്താൽ, അവർ നമ്മളെ ചീത്തവിളിക്കും എന്നാണോ കരുതേണ്ടത് ?സാധാരണയായി നമുക്ക് ഒരാളെ ഇഷ്ടമല്ലെങ്കിൽ, നമ്മൾ എന്താണ് ചെയ്യുക, നാം അവരെ പരമാവധി അവോയ്ഡ് ചെയ്യും. എന്നാല്‍സൈബർ ബുള്ളികൾ അങ്ങനെ അല്ല, അവർക്ക് നമ്മളെ ഇഷ്ടമല്ലെങ്കിൽ, അവർ നമ്മുടെ പുറകെ ഉണ്ടാകും, നമ്മളെയും കുടുംബത്തെയും അധിക്ഷേപിക്കും. ഇത് ഒരു തരത്തില്‍ മാനസിക പ്രശ്നം തന്നെയാണ്, ഒരു തരം സാഡിസം.

ഇക്കാര്യത്തില്‍ സങ്കടപ്പെടുത്തുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ, സൈബർ ബുള്ളിയിങ്ങിനു എതിരെ നമുക്കൊരു ശക്തമായ നിയമം ഇല്ല എന്നതാണ്. നാം നല്‍കുന്ന ഒരു സൈബർ കേസ് നിലനിൽക്കണമെങ്കിൽ അതിനോട് ഒരു ഐപിസി സെക്ഷൻ കൂടെ ചേർക്കണം, ഇവിടെ ഇത് മിക്കപ്പോഴും ജാമ്യം ലഭിക്കുന്ന വകുപ്പുമാണ്, അതിനാല്‍ തന്നെ ആരും അത് കാര്യമായി എടുക്കാറില്ല. മറ്റൊരുകാര്യം, നിയമപോരാട്ടം അത്ര എളുപ്പവുമല്ല.

കേസ് കൊടുത്താല്‍ നീതികിട്ടാൻ കുറഞ്ഞത് മാസങ്ങൾ അതിന്റെ പുറകെ നടക്കണം. അതിനുള്ള എല്ലാ തെളിവുകളും നൽകണം. മുന്‍പ് എന്നോട് ഒരു കേസിന്റെ ഭാഗമായി മൊബൈൽ ഫോൺ സറണ്ടർ ചെയ്യാൻ പറഞ്ഞു. പക്ഷെ എന്റെ ജോലി മുഴുവൻ ഈ ഫോണുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്, അപ്പോള്‍ എനിക്ക് എങ്ങിനെ അത് സറണ്ടർ ചെയ്യാൻ കഴിയും. അതെല്ലാം കൊണ്ട് തന്നെ, കേസ് ഫയൽ ചെയ്താലും ഈ നടപടിക്രമങ്ങൾ ആലോചിച്ചു നമ്മൾ തന്നെ പിന്മാറും ചിലപ്പോൾ.

ഇപ്പോള്‍ സൈബർ ബുള്ളിയിങ് എന്നത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. എന്നും ഉണ്ടാകും എന്തെങ്കിലും. എങ്കിലും ഈ ഒരു കമന്റ് ഞാൻ ഒരിക്കലും മറക്കില്ല, ഒരിക്കലും ക്ഷമിക്കുകയുമില്ല. റിയാലിറ്റി ഷോയായ ബിഗ് ബോസ് കഴിഞ്ഞു വന്ന സമയം, ഞാൻ എന്റെ മോളുമായുള്ള ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു, ആ ഫോട്ടോയ്ക്ക് ഒരാൾ കമന്റ് ചെയ്തത് ഇങ്ങനെ .’ഇതായിരുന്നു അല്ലെ നീ സത്യം ചെയ്ത കൊച്ചു. ഈ കൊച്ചിന് കൊറോണ വന്നോന്നു നോക്ക്, ചിലപ്പോള്‍ വന്നിട്ടുണ്ടാകും’. ഞാൻ നിങ്ങള്‍ക്ക് ഒരു ആർട്ടിസ്റ്റാണ്, അത് സമ്മതിക്കുന്നു, എന്നാല്‍ എനിക്കും ഒരു പേർസണൽ ലൈഫ് ഉണ്ട്. നിങ്ങൾക്കെന്നെ വെറുക്കാം, പക്ഷെ എന്റെ കുടുംബത്തെ അധിക്ഷേപിക്കാനുള്ള ഒരു അവകാശവും ഇല്ല.” – ആര്യ പറയുന്നു.