രാജമല: ഉരുൾപൊട്ടൽ ദുരന്തം വിതച്ചത് 3 കിലോമീറ്റർ പരിധിയിൽ

single-img
7 August 2020

ഇടുക്കി രാജമലയിൽ പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റർ അകലെയുള്ള മലയിലെ ഉരുൾപൊട്ടൽ ദുരന്തം വിതച്ചത് 3 കിലോമീറ്റർ പരിധിയിൽ. ഇത്രയും ദൂരത്തിൽ കല്ലുചെളിയും നിറഞ്ഞിരിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 4 ലൈൻ ലയങ്ങൾ മണ്ണിനടിയിൽപെട്ടു എന്നാണ് കരുതുന്നത്. ഈ ലയങ്ങളിലാകെ ഉണ്ടായിരുന്നത് 78 പേരാണ്‌. രക്ഷാ പ്രവർത്തനങ്ങളിൽ 12 പേർ പരുക്കുകളോടെ ഇതിനകം രക്ഷപ്പെട്ടു. നിലവിൽ 15 പേരുടെ മൃതശരീരങ്ങൾ കിട്ടി.

ഗാന്ധിരാജ് (48), ശിവകാമി (38), വിശാൽ (12), രാമലക്ഷ്മി (40), മുരുകൻ (46), മയിൽ സ്വാമി (48), കണ്ണൻ (40), അണ്ണാദുരൈ (44), രാജേശ്വരി (43) എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ 12 പേരിൽ 4 പേരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരിൽ ഒരു സ്ത്രീ ഇപ്പോൾ ഐസിയുവിലാണ്.

ഇപ്പോൾ കൂടുതൽ പേർക്കായി തിരച്ചിലിൽ തുടരുകയാണ്. രക്ഷാ പ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.അതേസമയം അഞ്ചുലയങ്ങൾ മണ്ണിനടിയിൽ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിക്കുന്നു. ഇവിടെ തകർന്ന പെരിയവര പാലം ശരിയാക്കിയതുവഴി താൽക്കാലികമായുള്ള ഗതാഗതസാധ്യത ഉണ്ടാക്കിയിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തെ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.