ഓണ്‍ലൈനിൽ വൈന്‍ ഓര്‍ഡര്‍ചെയ്യാന്‍ ശ്രമം; യുവതിക്ക് നഷ്ടമായത് 40000രൂപ

single-img
6 August 2020

കൊവിഡിന്റെ ഭീതിയിൽ കടയിൽ പോകുന്നതിലെ ബുദ്ധിമുട്ട് കാരണം ഓണ്‍ലൈനിലൂടെ വൈന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് നഷ്ടമായത് 40,300 രൂപ. ബംഗളൂരുവിലുള്ള വൈറ്റ്ഫീല്‍ഡ് സ്വദേശിനിക്കാണ് അബദ്ധം പറ്റിയത്. വൈൻ വാങ്ങാൻ ഓണ്‍ലൈനില്‍ തിരയുകയും അപ്പോൾ കാണുകയും ചെയ്ത ഒരു വൈന്‍ വില്‍പ്പനശാലയുടെ നമ്പറിലേക്ക് വിളിച്ച് യുവതി മൂന്നു കുപ്പി വൈന്‍ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.

ഇതിനെ തുടർന്ന് ഓർഡർ ലഭിച്ചയാൾ വൈൻ വീട്ടിലെത്തിക്കാമെന്ന് അറിയിക്കുകയും അതിനായി പണം മുന്‍കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംശയം തോന്നാതിരുന്ന യുവതി ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. ഇവർ ഓർഡർ ചെയ്ത വൈനിന് 1300 രൂപ വിലയാകുമെന്ന് അയാൾ അറിയിച്ചു.

പിന്നീട് അയാള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ച ശേഷം ഒരു ക്യുആര്‍ കോഡ് യുവതിയുടെ മൊബൈലിലേക്ക് അയക്കുകയും അത് സ്‌കാന്‍ ചെയ്താല്‍ വൈനിന്റെ വില കൈമാറാന്‍ കഴിയുമെന്നും പറഞ്ഞു. പക്ഷെ ആ വ്യക്തി അയച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ 40,300 രൂപ അക്കൗണ്ടില്‍നിന്ന് തനിക്ക് നഷ്ടമാകുകയായിരുന്നു എന്ന് യുവതി പറയുന്നു. ഇതോടെ ഓര്‍ഡര്‍ സ്വീകരിച്ചയാളെ തിരിച്ചുവിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നൽകി.