മഴ കനക്കുന്നു; ഇടുക്കിയില്‍ കല്ലാർക്കുട്ടി- ലോവർ പെരിയാർ അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറക്കും

single-img
6 August 2020

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ കല്ലാർക്കുട്ടി- ലോവർ പെരിയാർ അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും ഉടൻ തുറക്കാന്‍ തീരുമാനം. ഷട്ടറുകള്‍ തുറന്ന് 800 ക്യുമെക്സ് വീതം വെള്ളം പുറത്തേക്ക് ഒഴുക്കും. അതിനാല്‍ മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു.

മണ്ണിടിച്ചില്‍ സാധ്യതയെ മുന്‍നിര്‍ത്തി ജില്ലയിൽ രാത്രി ഗതാഗതം നിരോധിച്ചിട്ടുണ്ട്. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണ് ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുള്ളത്. അതേസമയം, ഇടുക്കി പൊൻമുടി ഡാം ഷട്ടർ നാളെ തുറക്കും. ഈ ഡാമിൻ്റെ മൂന്നു ഷട്ടറുകൾ നാളെ രാവിലെ 10ന് 30 സെ.മീ വീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നു വിടും. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.