രാജ്യഭക്തനാണെങ്കിൽ മോദി രാമജന്മ ക്ഷേത്ര സ്ഥാപനത്തിന് പങ്കെടുക്കരുത്, പങ്കെടുത്താൽ പിഎം കെയറിൽ നൽകിയ 88 ലക്ഷം രൂപ തിരിച്ചു തരണം: മുന്നറിയിപ്പുമായി അന്ത്യശരണം ഗുരുബാബ

single-img
4 August 2020

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുമായി അന്ത്യശരണം ഗുരുബാബ. രാജ്യഭക്തനാണെങ്കിൽ മോദി രാമജന്മ ക്ഷേത്ര സ്ഥാപനത്തിന് പങ്കെടുക്കരുതെന്നും പങ്കെടുത്താൽ ഞങ്ങൾ പിഎം കെയറിൽ നൽകിയ 88,88,888 രൂപ തിരിച്ചു തരണമെന്നുമാണ് ബാബ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ ദുരന്തനിവാരണത്തിന് കുമ്മനം രാജശേഖരൻ മുഖേന 31- 3-2020 ൽ ഗുരുബാബ ട്രസ്റ്റ് മുഖേന നൽകിയ പണമാണ് പ്രധനമന്ത്രി അയോധ്യയിൽ പോകുന്ന പക്ഷം തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുബാബ ട്രസ്റ്റിൻ്റെ പേരിലുള്ള പത്രക്കുറിപ്പിലൂടെയാണ് ബാബയുടെ ആവശ്യം. 

സോമനാഥ ക്ഷേത്രം ശിലാസ്ഥാപന ക്ഷണിച്ചപ്പോൾ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിസമ്മതിച്ചുവെന്നും ബാബ പറയുന്നുണ്ട്.  മതേതര രാഷ്ട്രത്തിലെ യഥാർത്ഥ രാജ ഭക്തനായ പ്രധാനമന്ത്രി മതപര ചടങ്ങിൽ പങ്കെടുക്കുന്നത് അധാർമികമാണെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യദ്രോഹിയും അധർമ്മിയുമാണെങ്കിൽ ആ സ്ഥാപനത്തിന് പങ്കെടുക്കാമെന്നും ബാബ വ്യക്തമാക്കുന്നു. 

പല സംസ്ഥാനങ്ങളിലും എംഎൽഎമാരെ കാലു മാറ്റുന്നതിന് ബിജെപി കോടികൾ ചെലവിടുന്നതായി മാധ്യമങ്ങൾ ആഘോഷിക്കുന്നു. ഒരു എംഎൽഎ യെ കാലു മാറ്റാൻ ജ്യോതിഷ വിധി ആറുമാസം ആയിരുന്നിട്ടും ഒരു കൊല്ലം മുഴുവൻ ഗുരുവായൂർ ക്ഷേത്രത്തിൽ മാസംതോറും തുലാഭാരവും വിശേഷ പൂജകളും നടത്തിയിട്ടുണ്ട്. രക്ഷ കിട്ടാതെ ഗതികെട്ട എൻഎസ്എസ് മുൻ ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെ രക്ഷിക്കാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറായ പി അശോക് കുമാർ നിരന്തരം നിർബന്ധിച്ചപ്പോൾ താൻ വഴങ്ങിയെന്നുള്ള കഥയും അന്ത്യശരണം ഗുരുബാബ കുറിപ്പിൽ പറയുന്നുണ്ട്. 

ഈ നടപടിയെ ഹൈന്ദവോധ്വാരണമെന്നാണ് ബാബ വിശേഷിപ്പിക്കുന്നത്. 48 മണിക്കൂർ ജലപാനമില്ലാതെ ഉപവസിച്ചു കൊണ്ട് അന്ത്യശരണം ഗുരുബാബ അശോക് കുമാറിനെയും ബിജെപി നേതാവ് മടവൂർ സുരേഷിനെയും സഹായികളാക്കി തിരുവനന്തപുരം പിടിപി നഗറിലെ കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള യുടെ വീട്ടിൽ അമാവാസി പാതിരയ്ക്ക് വെറും മൂന്ന് കിലോ വെണ്ണ ഉരുകി അഗ്നി യാഗം നടത്തുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. അതേത്തുടർന്നു എൻ ഡി പിയുടെ രണ്ട് എംഎൽഎമാരും താമസിയാതെ കാലുമാറിയതായും ബാബ പറയുന്നു. 

എന്നാൽ രണ്ട് എംഎൽഎമാർ കാലം മാറിയത് അന്ത്യശരണം ഗുരുബാബയുടെ അഗ്നിയാഗത്താൽ അല്ലെന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ആറുമാസത്തിനു പകരം ഒരു കൊല്ലം വഴിപാടുകൾ ചെയ്തതിനാൽ അനുഗ്രഹം ഇരട്ടിച്ചതിനാലാണെന്നും ഏതോ ജ്യോതിഷി പറഞ്ഞത് വിശ്വസിച്ച് കിടങ്ങൂർ ബാക്കി അഗ്നിയാഗം പൂർത്തീകരിച്ചില്ല. ഇതേതുടർന്ന് രണ്ട് എംഎൽഎമാർ കാലുമാറിയിട്ടും  ഫലമുണ്ടായില്ലെന്നും ബാബ കുറിപ്പിൽ വ്യക്തമാക്കുന്നു. 

ഭരണം നിലനിർത്താനായി അട്ടിമറിക്കാൻ കഴിവുള്ള അഗ്നിയാഗം മുഖേന ഹിന്ദുവിനെ രക്ഷിച്ച അഗ്നിഹോത്രി കൂടിയായ അന്ത്യശരണം ഗുരുബാബയുടെ പ്രസ്ഥാനത്തെ ഹിന്ദു വിരുദ്ധമെന്ന് ആക്ഷേപിച്ച് ഹിന്ദു കുല സംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘപരിവാർ 36 തവണ ആക്രമിച്ചിട്ടുണ്ടെന്നും ബാബാ പറയുന്നു. നിയമം ലംഘിച്ച് സംഘപരിവാർ ബാബറി മസ്ജിദ് തകർത്തതും ഹിന്ദുക്കളായ ദളിതുകളെ ഹിന്ദുക്കൾ തന്നെ കൊല്ലുന്നതുമായ ഉത്തർപ്രദേശിൽ ശ്രീ രാമ ജന്മ ക്ഷേത്രം നിർമ്മിക്കുന്നത് ഹിന്ദു വിരുദ്ധമാണെന്നും ബാബ പറയുന്നു.

ഇതര മതങ്ങൾ എത്തുന്നതിനു മുന്നേ ഹിന്ദുരാഷ്ട്രം ആയിരുന്ന ഇന്ത്യ ഇപ്പോൾ ഹിന്ദുരാഷ്ട്രം അല്ലാതായത് ഹൈന്ദവ വിധിപ്രകാരമുള്ള ബ്രാഹ്മണർ ഇല്ലാത്തതിനാലാണെന്നാണ് ബാബ പറയുന്നത്.  ബ്രാഹ്മണരത്രയും ചണ്ഡാലരായി അധഃപതിച്ചുപോയെന്നും ബാബ പരിതപിക്കുന്നു. അതുകൊണ്ടുതന്നെ ഇനി ഒരിക്കലും  ഇന്ത്യ ഹിന്ദുരാഷ്ട്രമാകില്ലെന്നു പ്രധാനമന്ത്രി തിരിച്ചറിയണമെന്നും ബാബാ പറയുന്നു.